പേരാമ്പ്ര: പേരാമ്പ്ര കല്ലോട് സമയക്രമത്തെച്ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കവും സംഘർഷവും ഒടുവിൽ കലാശിച്ചത് യാത്രക്കാരിയായ വീട്ടമ്മയ്ക്ക് പരിക്കേൽക്കുന്നതിൽ. ഇന്ന് വൈകീട്ട് 6.30-ഓടെ പേരാമ്പ്ര കല്ലോട് ബസ് സ്റ്റോപ്പിന് സമീപത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
റോഡിൽ മുൻപിൽ പോവുകയായിരുന്ന ബസ്സിലെ കണ്ടക്ടർ പെട്ടെന്ന് ഇറങ്ങിവന്ന് തൊട്ടുപിറകിലുണ്ടായിരുന്ന ബസ്സിന്റെ വശത്തെ കണ്ണാടി അടിച്ചുപൊട്ടിക്കുകയായിരുന്നു. തുടർന്ന് തകർത്ത കണ്ണാടിയുടെ അവശിഷ്ടങ്ങൾ ബസ്സിനുള്ളിലേക്ക് എറിഞ്ഞതായും ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. ബസ്സിനുള്ളിലേക്ക് ചില്ലുകൾ തെറിച്ചുവീണതിനെ തുടർന്നാണ് ഉള്ളിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് നിസ്സാരമായി പരിക്കേറ്റത്.
ബസ്സുകൾ തമ്മിലുള്ള സമയക്രമത്തെച്ചൊല്ലിയുള്ള കടുത്ത തർക്കമാണ് പരസ്യമായ അക്രമത്തിലും സംഘർഷത്തിലും കലാശിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തിരക്കേറിയ വൈകുന്നേര സമയത്ത് ബസ് ജീവനക്കാർ റോഡിൽ പരസ്പരം ഏറ്റുമുട്ടിയതോടെ മേഖലയിൽ വലിയ രീതിയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഏറെ നേരം റോഡിൽ വണ്ടികൾ അനങ്ങാനാവാത്ത അവസ്ഥയായിരുന്നു.
വിവരമറിഞ്ഞ് പേരാമ്പ്ര പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തിയാണ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചത്. അക്രമം നടത്തിയ ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുംവിധം റോഡിൽ ഗുണ്ടാവിളയാട്ടം നടത്തിയ ബസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
