പേരാമ്പ്ര∙ പേരാമ്പ്ര, കുറ്റ്യാടി സംസ്ഥാന പാതയിലെ യാത്രാ ദുരിതത്തിന് താൽക്കാലിക പരിഹാരം. പാതയിൽ കല്ലോട് എരഞ്ഞി അമ്പലത്തിനു സമീപത്തെ വെള്ളക്കെട്ട് താൽക്കാലികമായി പരിഹരിച്ചു. ഈ ഭാഗത്ത് റോഡരികിലെ മൺകൂന കുറച്ചു ഭാഗം നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കി. കല്ലോട്, മൂരികുത്തി ഭാഗങ്ങളിലെ വലിയ കുഴികൾ താൽക്കാലികമായി മെറ്റൽ നിറച്ച് അടച്ചിട്ടുണ്ട്. ഈ ഭാഗത്ത് റോഡരികിൽ നേരത്തെ ഉണ്ടായിരുന്ന ഓവുചാലുകൾ പൂർണമായും മണ്ണ് നിറഞ്ഞ് അടഞ്ഞിരിക്കുകയാണ്.
കല്ലോട് മുതൽ എരഞ്ഞി അമ്പലത്തിനു സമീപം വരെയുള്ള ഒരു ഭാഗത്ത് നേരത്തെ ഉണ്ടായിരുന്ന ഓവുചാൽ പൂർണമായും മണ്ണ് നിറഞ്ഞ് അടഞ്ഞതാണ് വെള്ള ക്കെട്ടിന് കാരണമായത്. നാട്ടുകാർ പലതവണ പരാതി നൽകിയിട്ടും ഒരു നടപടിയും എടുക്കാത്ത സാഹചര്യത്തിൽ റോഡിന്റെ ദുരവസ്ഥ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചതോടെയാണു പ്രശ്നത്തിന് താൽക്കാലിക പരിഹാരമായത്.