പേരാവൂരിലും കേരളത്തിലും എൽഡിഎഫ് ജയിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും സ്ഥാനാർഥിയുമായ കെ കെ ശൈലജ. പേരാവൂരിൽ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും. 75മുതൽ 80 സീറ്റ് വരെ എൽഡിഎഫ് വിജയിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.
പേരാവൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്നതാണ് തങ്ങളുടെ കണക്കുകൂട്ടലെന്ന് കെ കെ ശൈലജ പറഞ്ഞു. ഒരു 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാകാം ജയം. ബാക്കി കാര്യം വോട്ടെണ്ണി കഴിഞ്ഞാലേ പറയാൻ സാധിക്കൂ. പത്ത് വർഷത്തെ വികസന പ്രവർത്തനവും ക്ഷേമ പ്രവർത്തനവും തന്നെയാണ് എടുത്തു പറയാനുള്ളത്. പൊളിറ്റിക്കലായിട്ട് ചിന്തിക്കുന്ന ഒരു വ്യക്തിക്ക് എൽഡിഎഫിന് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ – ശൈലജ ടീച്ചർ പറഞ്ഞു.
എക്സിറ്റ് പോളുകളെ കുറിച്ചും കെ കെ ശൈലജ പ്രതികരിച്ചു. മട്ടന്നൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ വട്ടം ഞാൻ തോൽക്കുമെന്ന് പറഞ്ഞ മീഡിയ ഉണ്ടായിരുന്നു. 60000 വോട്ടിനാണ് ഞാൻ ജയിച്ചത്. എക്സിറ്റ് പോളുകളെ പൂർണമായിട്ടും വിശ്വസിക്കാൻ കഴിയില്ല – ശൈലജ ടീച്ചർ പറഞ്ഞു.
രണ്ട് ടേം തുടർച്ചയായി അസംബ്ലിയിൽ ഉണ്ടായിരുന്ന എംഎൽഎ മത്സരിച്ചിട്ടുള്ള മണ്ഡലം ഉറപ്പായും ജയിക്കുമെന്നാണെങ്കിൽ അവിടെ പുതിയ ആളെ കൊണ്ടുവരണമെന്നായിരുന്നു പാർട്ടി തീരുമാനം. കെപിസിസി പ്രസിഡന്റിന് എതിരായി പാർട്ടിയുടെ ശക്തമായ ഒരു സ്ഥാനാർഥി വേണമെന്നും അഭിപ്രായമുയർന്നു. അങ്ങനെയാണ് പേരാവൂരിൽ സ്ഥാനാർഥിയാകുന്നത്. അല്ലാത്ത പ്രചാരണങ്ങളിലൊന്നും യാതൊരു കഴമ്പുമില്ല.
