പത്തനംതിട്ട: കോൺഗ്രസിൻറെ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽ നിന്നും നീക്കി താലൂക്ക് ഓഫീസർ. റേഷൻ കാർഡിൽ പേര് വ്യാജമായി ചേർത്തതായി താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി ലഭിച്ചിരുന്നു. റേഷൻ കാർഡിലെ മേൽവിലാസത്തിൽ നിലവിൽ താമസക്കാരില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പേര് നീക്കൽ നടപടി സ്വീകരിച്ചത്.
മേൽവിലാസത്തിലെ വീടിന്റെ ഉടമസ്ഥരായ തുവയൂർ തെക്ക് സ്വദേശികളായ മൂന്ന് പേർ ശ്രീനാദേവിക്കെതിരെ പരാതി നൽകിയിരുന്നു. വീട്ടിൽ സ്ഥിരതാമസമില്ലെന്ന് അയൽവാസികളും മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയത്. പരാതിക്കാരുൾപ്പെടെ കാർഡിലുള്ള വ്യക്തികൾ സ്ഥിരതാമസമാക്കുമ്പോൾ റേഷൻ കാർഡ് അനുവദിക്കാമെന്നും അടൂർ താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു.
അത് തന്റെ ബന്ധുവിന്റെ വീടാണെന്നും സ്ഥിരതാമസം ഉണ്ടായിരുന്നതാണെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. വീടിന് തനിക്ക് നിയമപരമായി ഉടമസ്ഥാവകശമുണ്ട്. തന്റെ അമ്മാവനും അമ്മായിയുമാണ് വീട്ടിലുണ്ടായിരുന്നത്. അവരുടെ മക്കളാണ് തനിക്കെതിരെ പരാതി നൽകിയതെന്നും ഇത് കുടുംബ പ്രശ്‌നമാണെന്നുമായിരുന്നു ശ്രീനാദേവി പറഞ്ഞത്.
