പേവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുറിവ് കഴുകുന്നത് വളരെ പ്രധാനമാണെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മാരകമായ വൈറസാണ് റാബിസ്. ഈ വൈറസ് മനുഷ്യരിലും മറ്റ് സസ്തനികളിലും രോഗബാധ ഉണ്ടാക്കുന്നു. മൃഗങ്ങളുടെ കടി, പോറല്‍, നക്കല്‍ എന്നിവയേല്‍ക്കുന്ന ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനുട്ടെങ്കിലും ടാപ്പിലൂടെ ഒഴുകി വരുന്ന വെള്ളത്തില്‍ കഴുകേണ്ടതാണ്.
വൈറസ് ശരീരത്തില്‍ കടക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. മൃഗങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന വ്യക്തിയാണെങ്കില്‍ പേവിഷബാധ പ്രതിരോധിക്കാന്‍ വാക്സിന് മുന്കൂട്ടിയെടുക്കേണ്ടതാണ്. വളര്‍ത്തു മൃഗങ്ങള്‍ക്കു യഥാസമയം കുത്തിവയ്പ്പെടുക്കുക. വളര്‍ത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുമ്പോള്‍ ഉണ്ടാകുന്ന ചെറിയ മുറിവുകള്‍, പോറലുകള്‍ എന്നിവ അവഗണിക്കരുത്.
മൃഗങ്ങളുടെ കടിയേറ്റാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുകയും പ്രതിരോധ കുത്തിവയ്പെടുത്തു സുരക്ഷിതരാവുകയും ചെയ്യുക. പേവിഷബാധ യ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.