കഴക്കൂട്ടം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുന്നവർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. ഭക്തരുമായി പോയ മിനിബസ് ആക്കുളം പാലത്തിന് സമീപം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ചവറ സ്വദേശികളാണ് സഞ്ചരിച്ചിരുന്നത്.
ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു അപകടം. 12 സ്ത്രീകൾക്കും രണ്ട് പുരുഷന്മാർക്കും അഞ്ചുകുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും എസ്.എ.ടിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തുമ്പയിൽനിന്നും പേട്ടയിൽനിന്നും പൊലീസും ഫയർഫോഴ്സും എത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.