തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ആറ് ജില്ലകളിൽ അവധി. തൈപ്പൊങ്കലായ ജനുവരി 15ന് സംസ്ഥാനത്ത് പ്രാദേശിക അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണ് ഇവ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. വതമിഴ്നാട് പൊങ്കലിനോട് അനുബന്ധിച്ച് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി പത്ത് മുതൽ 16 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. 15 വരെ ആദ്യം അവധി പ്രഖ്യാപിച്ചിരുന്നു.
വരാനിരിക്കുന്ന സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകമായാണ് പൊങ്കൽ കരുതപ്പെടുന്നത്. വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കല്‍. നാലു ദിവസം നീണ്ടുനിൽക്കുന്നതാണ് പൊങ്കൽ ആഘോഷങ്ങൾ. വിളവെടുപ്പിന്റെ സമൃദ്ധി നല്‍കിയതിനു സൂര്യദേവനു നന്ദി പറയുന്ന ചടങ്ങായാണ് ഇതു കൊണ്ടാടുന്നത്. ബോഗി പൊങ്കല്‍, തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍, കാണുംപൊങ്കല്‍ എന്നിവയാണ് പൊങ്കലിനോടനുബന്ധിച്ചുള്ള പ്രധാന ആഘോഷദിവസങ്ങള്‍. 14നാണ് ബോഗി പൊങ്കല്‍ ആഘോഷിക്കുന്നത്.
