റിയാദ്: റമദാനിനോടനുബന്ധിച്ച് സൗദി അറേബ്യയിൽ ജയിലുകളിൽ കഴിയുന്നവരെ പൊതുമാപ്പ് നൽകി വിട്ടയക്കുന്ന നടപടികൾക്ക് തുടക്കം. സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയമാണ് പബ്ലിക് റൈറ്റ് നിയമപ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാെര മോചിപ്പിക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള തടവുകാരെ മോചിപ്പിച്ച് സ്വന്തം കുടുംബങ്ങളിലേക്ക് തിരികെ അയക്കുന്ന നടപടികളാണ് തുടങ്ങിയത്. എല്ലാ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധി പേരാണ് ജയിൽമോചിതരാകുന്നത്.
ഈ വർഷവും രാജകാരുണ്യത്താൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ജയിലുകളിൽ നിന്ന് നിരവധി പേർ മോചിതായി സ്വകുടുംബങ്ങളിലേക്ക് തിരിച്ചെത്തും. രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും അതിെൻറ ഗുണഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നായിഫ് നിർദേശം നൽകി.