പൊതുമേഖലാ ബാങ്കുകളിലെ ‘അടിമത്തം’ അവസാനിപ്പിക്കണം; പാർലമെന്റിൽ ആഞ്ഞടിച്ച് എ.എ. റഹീം എംപി

news image
Feb 12, 2026, 10:31 am GMT+0000 payyolionline.in

പൊതുമേഖലാ ബാങ്കുകളിലെ അടിമത്തം അവസാനിപ്പിക്കണമെന്നും ജീവനക്കാരുടെ വർക്ക്-ലൈഫ് ബാലൻസ് ഉറപ്പാക്കണമെന്നും ശൂന്യവേളയിൽ എ.എ. റഹീം എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലുടനീളം ഏകദേശം 500 ബാങ്ക് ജീവനക്കാർക്ക് ജോലി സംബന്ധമായ സമ്മർദ്ദം, പീഡനം, ജോലിസ്ഥലത്തെ ദുരനുഭവങ്ങൾ എന്നിവ കാരണം ജീവൻ നഷ്ടപ്പെട്ടുവെന്ന ഗൗരവകരമായ സാഹചര്യം അദ്ദേഹം സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.

ബാങ്കിംഗ് മേഖലയിൽ ജീവനക്കാർ അനുഭവിക്കുന്ന അമിത ജോലിഭാരവും കടുത്ത മാനസിക പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്കുകളിൽ ബിസിനസും ശാഖകളും വർദ്ധിക്കുമ്പോഴും ജീവനക്കാരുടെ എണ്ണം കുറയുകയാണെന്ന് എംപി ചൂണ്ടിക്കാട്ടി. 2025 ജൂൺ 30-ലെ കണക്കനുസരിച്ച് പൊതുമേഖലാ ബാങ്കുകളിൽ 32,567 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ട പൊതുമേഖലാ ബാങ്കുകൾ ഇന്ന് സ്വദേശി-വിദേശ കോർപ്പറേറ്റുകളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണിയായി മാറിയിരിക്കുകയാണ്. ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ തേർഡ് പാർട്ടി ഉൽപ്പന്നങ്ങളും അടൽ പെൻഷൻ യോജന പോലുള്ള സർക്കാർ പദ്ധതികളും വിറ്റഴിക്കാൻ ജീവനക്കാർക്ക് അമിത ടാർഗെറ്റുകൾ നൽകുന്നു. ഈ ടാർഗെറ്റുകൾ പൂർത്തിയാക്കാൻ രാത്രി വൈകിയും ജോലി ചെയ്യാൻ ജീവനക്കാർ നിർബന്ധിതരാകുന്നുവെന്നും, ഈ തൊഴിൽ ചൂഷണം അവസാനിപ്പിച്ച് ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe