പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്. കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ്റെ പേരിൽ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് എസ്.എസ്.എൽ.സി., പ്ലസ്ടു കോഴ്സുകളും പരീക്ഷകളും നടത്തുന്നു എന്നുള്ള വാർത്ത ഇന്ന് വർത്തമാന പത്രത്തിൽ വന്നിരുന്നു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വേണ്ട നിയമനടപടികൾ കൈക്കൊള്ളാനാണ് മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കത്ത് നൽകിയത്.
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ നടത്തുന്ന കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ എന്ന പേരിലാണ് വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. ഉത്തർപ്രദേശ് കേന്ദ്രീകരിച്ചാണ് വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം എത്തുന്നതും ഈ സൈറ്റാണ്. ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെബ്സൈറ്റിൽ വെബ്സൈറ്റിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ചിത്രവും ചെയർമാൻ എന്ന പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
സൈറ്റ് വഴി പരീക്ഷകൾ നടത്തുകയും ഒറിജിനലിനെ വെല്ലുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ അച്ചടിച്ചു നൽകുകയും ചെയ്യുന്നെന്നും കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിലെ കേന്ദ്രത്തിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റ് ഉദ്യോഗാർഥി അവിടെ തന്നെ ജോലിക്ക് ഹാജരാക്കിയിരുന്നു. ഈ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അയച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്.