അമേഠി: അമേഠിയിൽ ദളിത് കുടുംബത്തിലെ നാല് പേരെ വെടിവെച്ചുകൊന്ന കേസിലെ പ്രതിക്ക് വെടിയേറ്റു.
മുഖ്യപ്രതി ചന്ദന്‍ വെര്‍മ്മയ്കാണ് വെടിയേറ്റത്. പൊലീസിൽ നിന്ന് തോക്ക് തട്ടിപ്പറിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ വെടിവെച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച്ച വൈകീട്ടാണ് അമേഠിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ വെടിവെച്ചു കൊല്ലുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനായ സുനില്‍ കുമാര്‍, ഭാര്യ പൂനം രണ്ട് മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ ചന്ദന്‍ വർമ്മയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. ചന്ദന്‍ വർമ്മയെ ഇന്നലെ തന്നെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലിനു ശേഷം തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴാണ് ഇയാള്‍ പൊലീസിന്‍റെ കയ്യില്‍ നിന്ന് തോക്ക് തട്ടിപ്പറിക്കുന്നത്. പൊലീസിനു നേരെ വെടിവെച്ച് രക്ഷപ്പെടാന്‍ ആയിരുന്നു ശ്രമം. എന്നാല്‍ അതിന് മുന്‍പേ പൊലീസ് ഇയാളെ വെടിവെച്ചു. സ്വയരക്ഷയ്ക്കാണ് വെടിവെച്ചത് എന്നാണ് പൊലീസിന്റെ വിശദീകരണം. ചന്ദന്‍ വെര്‍മ്മയുടെ കാലിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.