ആവര്‍ത്തിച്ച് സർക്കുലർ ഇറക്കിയിട്ടും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തുകൊണ്ട് വീഴ്ചകൾ ഉണ്ടാകുന്നുവെന്ന് ഡിജിപിയോട് കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഡിജിപിക്ക് സാധിക്കണം. പുതിയ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നൽകണം. പൊലീസ് സ്റ്റേഷൻ ഭയമുളവാക്കുന്ന സ്ഥലമാകരുത്. മറ്റേതൊരു സര്‍ക്കാര്‍ ഓഫീസും പോലെയാകണം. കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം. പരിഷ്കൃത കാലഘട്ടത്തിലാണ് പൊലീസ് സേനയുള്ളത് ,അക്കാര്യം ഓർമ്മിക്കണം. എത്ര പ്രകോപനം ഉണ്ടായാലും മാന്യമായി പെരുമാറാൻ പൊലീസിന് സാധിക്കണം. പൊലീസ് സേനയുടെ പ്രവര്‍ത്തനം സുതാര്യമാകണമെന്നും കോടതി ആവശ്യപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടാകുന്ന വീഴ്ചയിൽ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഡിജിപി ഹൈക്കോടതിയിൽ വിശദീകരിച്ചു. ബഹു ഭൂരിപക്ഷം ഉദ്യോഗസ്ഥരും നല്ല പെരുമാറ്റം കാഴ്ച്ചവയ്ക്കുന്നവരാണെന്നും മോശമായി പെരുമാറുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. പിന്നാലെ ആലത്തൂര്‍ കേസിൽ എസ്ഐ റനീഷിനെതിരെ കൂടുതൽ തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്ന് ഹർജിക്കാരനോട് ആവശ്യപ്പെട്ട ഹൈക്കോടതി, ബൃഹത്തായ രീതിയിലാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും അറിയിച്ചു.