മലപ്പുറം: പൊലീസുകാർക്കെതിരായ പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം. മലപ്പുറം മുൻ എസ്.പി സുജിത് ദാസുൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. പീഡന പരാതിയിൽ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊന്നാനി മജിസ്ട്രേറ്റ് കോടതി വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബലാത്സംഗ പരാതിയിൽ എസ്.പി. സുജിത് ദാസുൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്. കഴിഞ്ഞ ദിവസം വീട്ടമ്മയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി, നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നും എന്നാൽ പൊന്നാനി മജിസ്ട്രേറ്റ് കോടതി ബലാൽസംഗ പരാതിയിൽന്മേൽ പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ ഉത്തരവിറക്കണമെന്നും നിർദേശം നൽകുകയായിരുന്നു. അന്വേഷണം വേണമെന്ന് മജിസ്ട്രേറ്റും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതും കൂടി പരിഗണിച്ചായിരുന്നു ഹൈക്കോടതി നിർദേശം. സി.ഐയ്ക്കെതിരായ ബലാത്സംഗ പരാതിയിൽ ഇത്രയും വർഷവും നടപടിയെടുക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.