ശാസ്താംകോട്ട: പൊലീസ് ചമഞ്ഞ് ശാസ്താംകോട്ട തടാക തീരത്തുനിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിലായി. കൊല്ലം കടവൂർ ലാൽമന്ദിരത്തിൽ വിഷ്ണുലാലാണ് (34) അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ശാസ്താംകോട്ട തടാക തീരത്ത് ആൺ സുഹൃത്തിനൊപ്പമെത്തിയതായിരുന്നു പെൺകുട്ടി. ഇവരുടെ അടുത്തേക്ക് പൊലീസെന്ന് പരിചയപ്പെടുത്തിയെത്തിയ വിഷ്ണു ആധാറും മറ്റ് തിരിച്ചറിയൽ രേഖകളും ആവശ്യപ്പെട്ടു.
ആൺ സുഹൃത്തിനോട് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞശേഷം പെൺകുട്ടിയെ സ്വന്തം കാറിൽ കയറ്റി കടത്തിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ മനസ്സിലായ ആൺ സുഹൃത്ത് വിവരം പൊലീസിൽ അറിയിച്ചു. കാറിന്റെ നമ്പരും കൈമാറി. അന്വേഷണത്തിൽ പിങ്ക് പൊലീസുമായി നിരന്തരം സംസാരിക്കാറുള്ളയാളാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്ന് പൊലീസിന് ബോധ്യമായി.
തുടർന്ന് പിങ്ക് പൊലീസിൽനിന്ന് വിഷ്ണുവിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സാംസ്കാരിക പ്രവർത്തകനെന്ന് പരിചയപ്പെടുത്തിയ വിഷ്ണു കായൽ തീരത്ത് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കാറുണ്ടെന്നും നടപടിയെടുക്കണമെന്നും നിരന്തരം ആവശ്യപ്പെടാറുള്ളയാളാണെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതിയുടെ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭരണിക്കാവിൽനിന്ന് പിടികൂടിയത്. വിവിധ ഇടവഴികളിലൂടെ കൊണ്ടുപോയി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും എതിർക്കാൻ ശ്രമിച്ചപ്പോൾ വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നെന്നും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.