തിരുവനന്തപുരം ∙ രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. എൽഡിഎഫ് 50, യുഡിഎഫ് 36, എൻഡിഎ 2 എന്നിങ്ങനെയാണ് ലീഡ് നില. ആദ്യ ഫലസൂചനകൾ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂർത്തിയാകാൻ അര മണിക്കൂർ വരെ വേണ്ടിവരാം. വൈകിട്ട് 5 മണിയോടെ മുഴുവൻ ഫലവും പുറത്തുവന്ന്, ഇലക്ഷൻ സർട്ടിഫിക്കറ്റ് വിജയിച്ച സ്ഥാനാർഥികൾക്കു നൽകാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കർ പറഞ്ഞു
കൊല്ലം കുണ്ടറ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കൊല്ലം ക്രിസ്തുരാജ് എച്ച്എസ്എസിൽ സ്ട്രോങ് റൂം തുറന്നു വോട്ടെണ്ണൽ നടപടികൾക്ക് തുടക്കം കുറിക്കുന്നു.
കക്ഷിനില 2021
ആകെ സീറ്റ്: 140
എൽഡിഎഫ്: 99
യുഡിഎഫ്: 41
ഇതുവരെ 20,028 തപാൽ ബാലറ്റ്
സർവീസ് വോട്ടർമാരായുള്ള 53,984 പേരിൽ ഇതുവരെ 20,028 പേർ വോട്ടു രേഖപ്പെടുത്തിയ തപാൽ ബാലറ്റുകൾ ലഭിച്ചതായി സിഇഒ അറിയിച്ചു. മേയ് 1 വരെയുള്ള കണക്കാണിത്. ഇന്നു രാവിലെ 8നു മുൻപു ലഭിക്കുന്ന തപാൽ ബാലറ്റുകളും വോട്ടെണ്ണലിനു പരിഗണിക്കും. നേരത്തേ 79.63 ആയിരുന്ന പോളിങ് ശതമാനം തപാൽ ബാലറ്റുകൾ ചേർത്ത് 79.70% ആയി.
തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി ഫലവും ഇന്ന്
കേരളത്തിനു പുറമേ തമിഴ്നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു നടക്കും. സാമാജികരുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന 6 സംസ്ഥാനങ്ങളിലെ 8 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. തമിഴ്നാട്ടിൽ 234, ബംഗാളിൽ 294, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെ 824 മണ്ഡലങ്ങളാണുള്ളത്. ഇതിൽ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ വോട്ടെണ്ണൽ 24നേ നടക്കൂ. ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന പരാതികളെത്തുടർന്ന് 21ന് ഇവിടെ റീപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്..
വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥർ; സുരക്ഷയ്ക്ക് 32,301 പൊലീസുകാർ
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്കും ക്രമസമാധാനപാലന നടപടികൾക്കുമായി ഇന്ന് 32,301 പൊലീസുകാരെയാണു വിന്യസിക്കുക. 20 കമ്പനി കേന്ദ്രസേന ഉൾപ്പെടെയാണിത്. 15,465 ഉദ്യോഗസ്ഥരെയാണു വോട്ടെണ്ണൽ ജോലിക്കു നിയോഗിക്കുന്നത്. നിരീക്ഷകരെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഓരോ വോട്ടെണ്ണൽ മേശയിലുമുള്ള സൂക്ഷ്മ നിരീക്ഷകരിൽ പകുതിയിലേറെ പേരും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണ്. 12 മുതൽ 14 വരെ ബൂത്തുകൾ അടങ്ങുന്ന റൗണ്ടുകളായാണു വോട്ടെണ്ണൽ. ഇത്രയും വോട്ടെണ്ണൽ മേശകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) എത്തിച്ച് സൂക്ഷ്മ നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ ഫലം ഉദ്യോഗസ്ഥർ പരിശോധിച്ച് എഴുതിയെടുത്ത് ടാബുലേഷൻ ഷീറ്റിൽ രേഖപ്പെടുത്തും.ഒരു റൗണ്ടിലെ മുഴുവൻ ഫലങ്ങളുടെയും ടാബുലേഷൻ വരണാധികാരികളും നിരീക്ഷകനും പരിശോധിക്കും. കൂടാതെ, ഓരോ റൗണ്ടിലെയും 2 വീതം ഇവിഎം ക്രമത്തിൽ അല്ലാതെ തിരഞ്ഞെടുത്ത് മറ്റൊരു സമാന്തര മേശയിൽ പുനഃപരിശോധനയും നിരീക്ഷകന്റെ നേതൃത്വത്തിൽ നടത്തും. ഇതിൽ തെറ്റു കണ്ടെത്തിയാൽ ആ മേശയിൽ, മുൻപ് എണ്ണിയ മുഴുവൻ ഇവിഎമ്മും പുനഃപരിശോധന നടത്തും. ആവശ്യമെങ്കിൽ ആ റൗണ്ടിലെ മുഴുവൻ കണക്കുകളും പൂർണമായി പുനഃപരിശോധിക്കുകയും ചെയ്യും. കണക്കുകൾ പൂർണമായാൽ, ഡേറ്റ എൻട്രി നടത്തി തിരഞ്ഞെടുപ്പ് കമ്മിഷന്റെ എൻകോറിൽ രേഖപ്പെടുത്തുന്നതോടെയാണ് ഒരു റൗണ്ടിന്റെ ഫലപ്രഖ്യാപനം പൂർത്തിയാവുക. ഇങ്ങനെ പരമാവധി 20 റൗണ്ടുകളാണ് ഉണ്ടാവുക. ഒടുവിൽ ഓരോ മണ്ഡലത്തിലെയും നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന 5 വീതം ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണും. ഇതിന് ഒരു മണിക്കൂർ വേണ്ടി വരും. ഇവിഎമ്മിലും ഓരോ ബൂത്തിലും പോൾ ചെയ്ത വോട്ടിന്റെ വിവരങ്ങളുള്ള ഫോം 17 സിയിലെയും കണക്കുകൾ പൊരുത്തപ്പെട്ടില്ലെങ്കിൽ അവയിലെ വിവിപാറ്റുകളും എണ്ണേണ്ടി വരും
