അഞ്ചൽ: ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ ബൈക്ക് കത്തിച്ചതിൽ ദുരൂഹതകൾ ബാക്കി. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), ഇടുക്കി കൽത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി മോഹനൻ (26) എന്നിവരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരത്ത് കോച്ചിങ് സെൻററിൽ പഠിക്കുന്ന രണ്ടു യുവതികൾ ആർച്ചലിലെത്തി പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ ഇവരെ സഹായിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പോലീസ് കസ്റ്റഡിയിലായ ആരതിക്ക് എലിവിഷം എങ്ങനെ ലഭിച്ചെന്നും ചോദ്യമുയരുന്നുണ്ട്. ആരതി രാജും വിവേകും തമ്മിലുള്ള വിവാഹം മുടങ്ങിയതാണ് ബൈക്ക് കത്തിക്കാൻ കാരണമെന്നാണ് പോലീസിന്റെ നിഗമനം.
മകന്റെ വിവാഹബന്ധത്തിൽനിന്ന് പിന്തിരിയാനുണ്ടായ കാരണത്തെക്കുറിച്ച് വിവേകിന്റെ അച്ഛൻ വേണു പറഞ്ഞതിങ്ങനെ; ആരതി രാജുമായി അഞ്ചുമാസംമുൻപ് മകന്റെ വിവാഹനിശ്ചയം നടന്നിരുന്നു. വിവാഹാലോചനസമയത്ത് പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ അവൾക്ക് ഉടൻ ജോലി ലഭിക്കുമെന്ന് കുടുംബം ഞങ്ങളെ അറിയിച്ചിരുന്നു.
എന്നാൽ കുടുംബം ഞങ്ങളെ വഞ്ചിച്ചതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇതേത്തുടർന്ന് ബന്ധം വഷളായപ്പോൾ വിവാഹനിശ്ചയം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. നിശ്ചയച്ചടങ്ങിനായി അവർക്കുണ്ടായ ചെലവുകൾക്കായി 2.5 ലക്ഷം നഷ്ടപരിഹാരവും നൽകി. ആ തുക കൈമാറുകയും സ്റ്റാമ്പ് പേപ്പറിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
മൂന്നുവർഷംമുൻപ് പുനലൂരിലെ കോളേജിൽ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ലാത്തിച്ചാർജ് നടത്തിയ പോലീസ് സംഘത്തിൽ വിവേകും ഉണ്ടായിരുന്നു. വിവേകിന്റെ ലാത്തിയടിയേറ്റ് അന്ന് ചില കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ പകയാണെന്നു വരുത്തിത്തീർക്കാനാണ് യുവതികൾ ഒരു വിദ്യാർഥിസംഘടനയുടെ പേരിൽ കത്തെഴുതിവെച്ചത്.
‘ഞങ്ങൾ തിരിച്ചുവരില്ലെന്നു കരുതിയോ നീ’ എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് ഭീഷണിക്കത്തിലുള്ളത്. ഇതിലൂടെ അന്വേഷണം വഴിതെറ്റിക്കാനും കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയിൽ കേസ് കെട്ടിവയ്ക്കാനുമുള്ള ശ്രമവും നടന്നു. സംഭവത്തിൽ ഇവരെ സഹായിക്കാൻ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്നാണ് സംശയം.
അഞ്ചലില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍ . തകർന്ന വിവാഹ നിശ്ചയം, സാമ്പത്തിക തർക്കം എന്നിവയുമായി ബന്ധപ്പെട്ട ഉദ്ദേശ്യം. വ്യാജ ഭീഷണി കത്തുകൾ ഉപയോഗിച്ച് രാഷ്ട്രീയ വിദ്യാർത്ഥി സംഘടനകളെ ഫ്രെയിം ചെയ്യാൻ ശ്രമിച്ചു. കൂട്ടാളികളെക്കുറിച്ചും സംശയാസ്പദമായ ആളുകളിൽ നിന്ന് കണ്ടെത്തിയ വിഷത്തിന്റെ ഉത്ഭവത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു.
