പോളിപ്രൊപ്പിലീൻ യൂണിറ്റ്‌ കൊച്ചിയിൽ ; 5200 കോടിയുടെ ബിപിസിഎൽ പദ്ധതി

news image
Aug 10, 2023, 3:08 am GMT+0000 payyolionline.in

തിരുവനന്തപുരം: കൊച്ചിയിൽ 5200 കോടിയുടെ പോളി പ്രൊപ്പിലീൻ നിർമാണ യൂണിറ്റ് ആരംഭിക്കാൻ ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ). കൊച്ചിയിലെ ബിപിസിഎൽ റിഫൈനറിയിലാണ്‌ ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീൻ യൂണിറ്റും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുക. പെട്രോകെമിക്കൽ രംഗത്ത്‌ കേരളത്തിൽവരുന്ന ഏറ്റവും വലിയ നിക്ഷേപമാകും ഇത്‌. ഇതു സംബന്ധിച്ച്‌ വ്യവസായ മന്ത്രി പി രാജീവുമായി ബിപിസിഎൽ ചെയർമാൻ ജി കൃഷ്ണകുമാർ പ്രാഥമിക ചർച്ച നടത്തി.

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാവശ്യമായ പോളി പ്രൊപ്പിലീൻ വലിയ തോതിൽ ഈ യൂണിറ്റിൽനിന്ന് ഉൽപ്പാദിപ്പിക്കാനാകും. ബാഗുകൾ, വീട്ടുപകരണങ്ങൾ, ബോക്സുകൾ, ഷീറ്റ്, പാക്കേജിങ്‌ ഫിലിംസ് തുടങ്ങിയവ നിർമിക്കാനാവശ്യമായ  പോളി പ്രൊപ്പിലീൻ നിർമിച്ച്‌ ദക്ഷിണേന്ത്യയിലാകെ വിതരണം ചെയ്യുകയാണ്‌ ലക്ഷ്യം. ബിപിസിഎൽ ബോർഡിന്റെ അംഗീകാരം ലഭിച്ചാലുടൻ പദ്ധതിയുടെ നിർമാണ പ്രവർത്തനം ആരംഭിക്കും. 40 മാസംകൊണ്ട്  പൂർത്തിയാക്കും.

ബിപിസിഎല്ലും അശോക് ലെയ്‌ലൻഡും കൊച്ചിൻ വിമാനത്താവളവും ചേർന്ന്‌ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്‌ സ്ഥാപിക്കാനും പദ്ധതിയുണ്ട്‌. മണിക്കൂറിൽ ഒമ്പതു കിലോ ഉൽപ്പാദനശേഷിയുള്ള 500 കിലോ വാട്ട്‌ പ്ലാന്റാണ്‌ ലക്ഷ്യം. കൊച്ചിൻ വിമാനത്താവളത്തിന് ആവശ്യമായ ജെറ്റ് ഇന്ധന നിർമാണ യൂണിറ്റ്‌ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്‌. കൊച്ചിയിൽ അത്യാധുനിക മാലിന്യ പ്ലാന്റ്‌ സ്ഥാപിക്കുന്ന പദ്ധതി ബിപിസിഎല്ലാണ്‌ നടപ്പാക്കുന്നത്‌. പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഹബ്ബായി മാറുകയെന്ന കേരളത്തിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പാകുമിതെന്ന് മന്ത്രി പി രാജീവ്‌ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe