ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്റെ ചുമതലയുള്ള ഡോക്ടർ അവധിയെടുത്താൽ മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലോ കോട്ടയം മെഡിക്കൽ കോളേജിലോ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്താനുള്ള സഹായം പോലീസ് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം സൗകര്യം ഒരു മാസത്തിന് മുമ്പ് നിലവിൽ വന്നെങ്കിലും ഒരേയൊരു ഡോക്ടർ മാത്രമാണ് നിലവിലുള്ളത്. ഡോക്ടർ അവധിയായാൽ മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിലെത്തിക്കണമെന്നാണ് പരാതി. ഇതിന് 100 കിലോമീറ്റർ യാത്ര ചെയ്യണമെന്നും ഇത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പ്രയാസകരമാണെന്നും പെരുവന്താനം ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് നിസാർ സമർപ്പിച്ച പരാതിയിൽ പറയുന്നു.
ഇടുക്കി ഡി എം ഒ-യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പെരുവന്താനം, കൊക്കയാർ ഗ്രാമപഞ്ചായത്തുകളിലെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ പീരുമേട് താലൂക്ക് ആശുപത്രിയിൽ സൗകര്യമുണ്ടെന്നും പെരുവന്താനത്ത് നിന്നും 15 കിലോമീറ്റർ യാത്ര ചെയ്താൽ പീരുമേട് താലൂക്ക് ആശുപത്രിയിലെത്താമെന്നും റിപ്പോർട്ടിൽ പറയുന്നു. താൻ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയുടെ തുടർനടപടിയായാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം സൗകര്യം നിലവിൽ വന്നതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.