പോസ്റ്റൽ ബാലറ്റ് വിവാദം: വോട്ട് ചെയ്യാനാകാതെ പതിനായിരക്കണക്കിന് ഉദ്യോഗസ്ഥർ; നിയമപോരാട്ടത്തിനൊരുങ്ങി സർവീസ് സംഘടനകൾ

news image
Apr 10, 2026, 4:55 am GMT+0000 payyolionline.in

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന 23,000-ത്തോളം ഉദ്യോഗസ്ഥർക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടതായി സർവീസ് സംഘടനകൾ പരാതിപ്പെട്ടു. തപാൽ വോട്ടിന് അപേക്ഷിച്ചവർക്ക് പോലും ബാലറ്റ് പേപ്പർ ലഭ്യമാക്കാത്ത കമ്മീഷന്റെ നടപടി വലിയ വീഴ്ചയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. ജീവനക്കാരെ സമ്മർദ്ദത്തിലാക്കി ജനാധിപത്യപരമായ അവകാശം തടഞ്ഞ സാഹചര്യത്തിൽ, വോട്ട് രേഖപ്പെടുത്താൻ ഒരാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. സ്വന്തം വീഴ്ചകൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും ബാലറ്റ് വിതരണത്തിലെ യഥാർത്ഥ വിവരങ്ങൾ പുറത്തുവിടാൻ കമ്മീഷൻ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.

പരിശീലന വേളയിൽ തന്നെ തപാൽ വോട്ടിനുള്ള സൗകര്യം ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ഉറപ്പുനൽകിയിരുന്നെങ്കിലും പ്രായോഗികമായി ഇത് നടപ്പായില്ല. വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. എത്ര പോസ്റ്റൽ വോട്ടുകൾ അനുവദിച്ചുവെന്ന കാര്യത്തിൽ കമ്മീഷൻ ഇന്ന് കോടതിയിൽ വിശദീകരണം നൽകിയേക്കും. അതേസമയം, ഉദ്യോഗസ്ഥർ നേരിട്ട ഈ പ്രതിസന്ധിയെ ഗൗരവമായാണ് രാഷ്ട്രീയ പാർട്ടികളും കാണുന്നത്. ഏകദേശം 35,000-ത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്നാണ് സി.പി.ഐ.എം. വിലയിരുത്തുന്നത്. വോട്ടവകാശം നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്നും ഇവർക്കായി വരും ദിവസങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കണമെന്നും സി.പി.ഐ.എം. നേതാവ് എം.വി. ജയരാജൻ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe