പ്രജ്വല്‍ കബളിപ്പിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അന്വേഷണ സംഘം; എവിടെ ഇറങ്ങിയാലും പിടികൂടാൻ നീക്കം

news image
May 30, 2024, 3:59 am GMT+0000 payyolionline.in

ബെം​ഗളൂരു: ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ കബളിപ്പിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ട് അന്വേഷണ ഉദ്യോഗസ്ഥർ. പ്രജ്വൽ രേവണ്ണ മറ്റൊരു വിമാനത്തിലോ മറ്റ് വിമാനത്താവളങ്ങളിലോ വന്ന് ഇറങ്ങാനുള്ള സാധ്യതയും പരിശോധിക്കുകയാണ് അന്വേഷണസംഘം. പ്രജ്വൽ ജർമനിയിൽ തന്നെയാണോ എന്നും സംശയിക്കുന്നുണ്ട്.

അതേസമയം, പ്രജ്വലിന്റെ വീഡിയോ ഡേറ്റ് രണ്ട് ദിവസം മുൻപത്തേതാണെന്നുമുള്ള സൂചനയുണ്ട്. മ്യൂണിക്കിൽ നിന്ന് ബംഗളുരുവിലേക്കുള്ള ടിക്കറ്റ് ആണ് ഇപ്പോൾ മാധ്യമങ്ങൾക്ക് കിട്ടിയിരിക്കുന്നത്. ഇത് അന്വേഷണ സംഘത്തെ വട്ടം ചുറ്റിക്കാനാണോ എന്നാണ് ഉയരുന്ന സംശയം. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ പ്രജ്വൽ ഇറങ്ങിയാലും എസ്ഐടി വിവരം കിട്ടാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ബ്ലൂ കോർണർ നോട്ടീസ് നിലനിൽക്കുന്നതിനാൽ പ്രജ്വൽ വന്ന് ഇറങ്ങിയാൽ ഏത് വിമാനത്താവളത്തിൽ നിന്നും അന്വേഷണ സംഘത്തിന് വിവരം കൈമാറണം. രാവിലെ 10 മണിക്ക് എസ്ഐടിക്ക് മുൻപാകെ ഹാജരാകാം എന്നാണ് പ്രജ്വൽ അറിയിച്ചിരിക്കുന്നത്. എന്നാൽ വിമാനത്താവളത്തിൽ വെച്ച് തന്നെ അറസ്റ്റ് ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞിരുന്നു.

മ്യൂണിക്കിൽ നിന്ന് 12.05-ന് ഉള്ള വിമാനത്തിൽ പ്രജ്വൽ ബോർഡ് ചെയ്തോ എന്ന് പരിശോധിച്ച് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എസ്ഐടി. ഇല്ലെങ്കിൽ മറ്റ് എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും. അതിനിടെ, പ്രജ്വൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. ബെംഗളുരുവിൽ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് പ്രജ്വൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ കേസ് അടിയന്തരമായി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. ഹർജി ഇന്നലെ പരിഗണിക്കണമെന്ന പ്രജ്വലിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. പ്രത്യേകാന്വേഷണ സംഘത്തിന് ഹർജിയിൽ കോടതി നോട്ടീസയച്ചിട്ടുണ്ട്. കേസ് മെയ് 31-നെ പരിഗണിക്കൂവെന്നും കോടതി വ്യക്തമാക്കി. ഇതോടെ പ്രജ്വലിന് മുൻകൂർ ജാമ്യം ലഭിക്കില്ലെന്നുറപ്പായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe