ദില്ലി: ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയെ പ്രത്യേക കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് പുലർച്ചെ മ്യൂണിക്കിൽ നിന്ന് ബെംഗളുരുവിൽ വന്നിറങ്ങിയ പ്രജ്വലിനെ അന്വേഷണസംഘം വിമാനത്താവളത്തിൽ വച്ച് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലൈംഗികാതിക്രമദൃശ്യങ്ങൾ പകർത്തിയ ഫോൺ പ്രജ്വൽ നശിപ്പിച്ചെന്ന സംശയത്തിലാണ് അന്വേഷണസംഘം.
34 ദിവത്തെ ഒളിവുജീവിതത്തിന് ശേഷം ഇന്ന് പുലർച്ചെ 12.46-ഓടുകൂടി ലുഫ്താൻസ വിമാനത്തിൽ മ്യൂണിക്കിൽ നിന്ന് ബെംഗളുരുവിലെത്തിയ പ്രജ്വൽ രേവണ്ണയെ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പോയന്റ് കടന്നപ്പോൾത്തന്നെ പ്രത്യേകാന്വേഷണസംഘം സിഐഎസ്എഫിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. പാലസ് റോഡിലെ എസ്ഐടി ഓഫീസിലെത്തിച്ച് പുലർച്ചെ മൂന്ന് മണിയോടെ അറസ്റ്റ് ചെയ്തു. ഉച്ചയോടെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് പ്രജ്വലിനെ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേകകോടതിയിൽ ഹാജരാക്കിയത്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് പ്രജ്വലിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും ഇത് കോടതി പരിഗണിച്ചില്ല. ജൂൺ 6 വരെ പ്രജ്വലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രജ്വലിൽ നിന്ന് ഡിപ്ലോമാറ്റിക്, ഓർഡിനറി പാസ്പോർട്ടുകൾ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ടിക്കറ്റ് അടക്കം മറ്റ് യാത്രാ രേഖകളും എസ്ഐടി പിടിച്ചെടുത്തു.
വിവാദമായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രജ്വലിൽ നിന്ന് ഇന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളിൽ അല്ല പകർത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ഫോൺ പ്രജ്വൽ നശിപ്പിച്ചതായി അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇത് ഉറപ്പിക്കാനായാൽ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി പ്രജ്വലിനെതിരെ ചുമത്തിയേക്കും. പ്രജ്വലിന്റെ ഇ മെയിൽ, ക്ലൌഡ് അക്കൗണ്ടുകൾ പരിശോധിക്കാനായി ലോഗിൻ വിവരങ്ങൾ തേടിയിട്ടുണ്ട്.
പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് എന്തെങ്കിലും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തോ എന്ന് പരിശോധിക്കും. ഇതിനിടെ, ഇരയെ തട്ടിക്കൊണ്ട് പോയെന്ന കേസിൽ ജാമ്യം നൽകിയ പ്രത്യേക കോടതി വിധിയിൽ പിശകുകളുണ്ടെന്ന് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയത് പ്രജ്വലിന്റെ അച്ഛൻ എച്ച് ഡി രേവണ്ണയ്ക്ക് തിരിച്ചടിയായി. ജൂൺ 1-ന് ഹാസനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വലിന്റെ അമ്മ ഭവാനി രേവണ്ണയ്ക്ക് എസ്ഐടി നോട്ടീസ് നൽകിയിട്ടുമുണ്ട്.