കൊച്ചി: പ്രണയബന്ധം എതിര്‍ത്തതിന്റെ പേരിൽ സുഹൃത്തിന്റെ പ്രേരണയിൽ പിതാവിനെതിരെ പെൺകുട്ടി നൽകിയ പോക്സോ പരാതിയിൽ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി. കോഴിക്കോട് കുറ്റ്യാടി സ്വദേശിക്കെതിരായ മകളുടെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നാദാപുരം അതിവേഗം സ്പെഷ്യൽ കോടതിയിൽ പരിഗണനയിലുള്ള കേസിൽ പിതാവിന്റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദ് ചെയ്യുകയായിരുന്നു.
റിപ്പോര്‍ട്ടുകളിൽ പ്രണയബന്ധം എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് വ്യക്തമായതായി കോടതി വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് നാദാപുരം സ്പെഷ്യൽ കോടതിയിലുള്ള കേസ് നടപടികൾ അവസാനിപ്പിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പോക്സോ കേസുകൾ കോടതി റദ്ദ് ചെയ്യുന്നത് സാധാരണമായ നടപടിയല്ലെന്നും, ഈ കേസിൽ സത്യാവസ്ഥ കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചതാണ്, നിരപരാധിക്കെതിരായ കേസിൽ ഹൈക്കോടതിയിൽ നീതി ലഭിക്കാൻ കാരണമായതെന്നും, പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ എംപി പ്രിയേഷ് കുമാര്‍ പറഞ്ഞു.