കൊച്ചി: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. അങ്കമാലി പാറക്കടവ് പോപ്പുള്ളി വീട്ടിൽ സുജിത് സുരേഷിനെയാണ് ആലുവ റെയിൽവേ പൊലീസ് പിടികൂടിയത്. വന്ദേ ഭാരത് ട്രെയിനിന്റെ പുറത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഈ മാസം ഏഴാം തീയതി ആയിരുന്നു സംഭവം.
രാവിലെ 7.15 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തുള്ള അകപറമ്പ് റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. പ്രണയ നൈരാശ്യത്തിലാണ് യുവാവ് ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരതിന് നേരെ മൂന്നുവട്ടമാണ് കല്ലെറിഞ്ഞത്. കല്ലേറിൽ ചില്ലുകൾ തകർന്നിരുന്നു.
