തിരുവനന്തപുരം: മോഹൻലാൽ- പൃഥ്വിരാജ് സിനിമ എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. ചില ഭാഗങ്ങളിൽ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ നീക്കം. അതേസമയം, നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും.

രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരായ രാഷ്ട്രീയവിവാദം ശക്തമാകുന്നത്. ആർഎസ്എസ് എംപുരാനെതിരെ കടുത്ത നിലപാടെടുക്കുന്നു. സിനിമ ഹിന്ദുവിരുദ്ധമെന്നാണ് ഓർഗനൈസറിലെ കുറ്റപ്പെടുത്തൽ. ഇന്ത്യാവിരുദ്ധ സിനിമയാണെന്ന് വിമർശിക്കുന്ന ലേഖനത്തിൽ മോഹൻലാലിനെയും പൃഥ്വിരാജിനെയും കടന്നാക്രമിക്കുന്നു. എ ജയകുമാർ, ജെ നന്ദകുമാർ അടക്കമുള്ള ആർഎസ്എസ് നേതാക്കളും പരസ്യമായി സിനിമയെ വിമർശിക്കുന്നുണ്ട്. സിനിമക്കെതിരായ പ്രചാരണത്തിനില്ലന്നാണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക നിലപാട്. പക്ഷെ പാർട്ടിയിലെ ഭിന്ന നിലപാട് സൂചിപ്പിച്ചാണ് ദേശീയ കൗൺസിൽ അംഗം സി രഘുനാഥിൻറെ പ്രതികരണം ഉണ്ടായത്.
വിവാദങ്ങൾക്കിടെയാണ് എംപുരാൻ്റെ സെൻസർ രേഖാ പുറത്തുവന്നത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിൻെ ദൃശ്യങ്ങളുടെ ദൈർഘ്യം കുറക്കാനും ദേശീയപതാകയെ കുറിച്ചുള്ള ഡയലോഗ് ഒഴിവാക്കാനുമാണ് ബോർഡിൻറെ നിർദ്ദേശം. ആർഎസ്എസ് നോമിനികൾ കൂടിയുള്ള ബോർഡ് രണ്ട് കട്ട് മാത്രം നിർദ്ദേശിച്ചതിലുമുണ്ട് വിവാദം. സംഘപരിവാറിനെതിരായ കടുത്ത ഇതിവൃത്തത്തിൽ കൂടുതൽ കട്ട് നിർദ്ദേശിക്കണമെന്നാണ് ചില ആർഎസ്എസ് നേതാക്കളുടെ നിലപാട്.