പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ: ഫെബ്രുവരി 21-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

news image
Jan 30, 2026, 3:41 pm GMT+0000 payyolionline.in

പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് 2025 ഡിസംബർ 23-ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം 2026 ജനുവരി 30 വരെ വോട്ടർമാർക്ക് വിവിധ അപേക്ഷകൾ സമർപ്പിക്കാൻ അവസരം നൽകിയിരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ഐ എ എസ് അറിയിച്ചു.

ഈ കാലയളവിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോം 6, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് പേര് ഉൾപ്പെടുത്തുന്നതിനായി ഫോം 6എ, വോട്ടർപട്ടികയിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനോ താമസം മാറിയ വിവരം രേഖപ്പെടുത്തുന്നതിനോ ഫോം 8, പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനായി ഫോം 7 എന്നിവയാണ് ഈ കാലയളവിൽ സ്വീകരിച്ചിരുന്നു.

ലഭിച്ച എല്ലാ പരാതികളും അപേക്ഷകളും നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പരിശോധിച്ച് തീർപ്പാക്കും. അംഗീകരിക്കപ്പെട്ട അപേക്ഷകൾ ഉൾപ്പെടുത്തിക്കൊണ്ട് ഫെബ്രുവരി 21-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനുവരി 30-ന് ശേഷവും പൊതുജനങ്ങൾക്ക് അപേക്ഷകളും ഫോമുകളും സമർപ്പിക്കാമെങ്കിലും അത് ഫെബ്രുവരി 21-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമേ പരിഗണിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. അർഹരായവരെ തുടർന്നുള്ള വോട്ടർപട്ടിക പുതുക്കലുകളിൽ അനുബന്ധ പട്ടികയിലൂടെ ഉൾപ്പെടുത്തും.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം അവസാനമായി അന്തിമ പട്ടിക പ്രസിദ്ധീകരിച്ച തീയതി മുതൽ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെയുള്ള ‘തുടർച്ചയായ പുതുക്കൽ’ പ്രക്രിയയിൽ ഉൾപ്പെടുത്തുന്ന പേരുകൾ കാലക്രമത്തിൽ ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്തിമ പട്ടികയിലെ അവസാന ക്രമനമ്പറിന് തുടർന്നുള്ള നമ്പറുകളായിരിക്കും പുതിയ വോട്ടർമാർക്ക് നൽകുക. പട്ടികയിൽ നിന്നുള്ള ഒഴിവാക്കലുകളും തിരുത്തലുകളും കമ്മീഷന്റെ നിലവിലുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് കൃത്യമായി രേഖപ്പെടുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe