പ്രധാനമന്ത്രിയുടെ പിജി ബിരുദം സ്വകാര്യ വിവരം; കൈമാറാനാവില്ലെന്ന് സോളിസിറ്റർ ജനറൽ

news image
Feb 9, 2023, 12:00 pm GMT+0000 payyolionline.in

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇതിന് പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയ്ക്ക് നൽകിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് ദേശീയ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഗുജറാത്ത് സർവകലാശാലയാണ് മോദിക്ക് ബിരുദാനന്തര ബിരുദം നൽകിയത്. ഈ വിവരങ്ങൾ തേടി ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്.

കേസിൽ സർട്ടിഫിക്കറ്റ് വിവരങ്ങൾ അരവിന്ദ് കെജ്രിവാളിന് നൽകാൻ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹർജി സമർപ്പിച്ചത്. വിവരാവകാശ നിയമ പ്രകാരം പൊതുതാത്പര്യമില്ലാത്ത സ്വകാര്യ വിവരങ്ങൾ കൈമാറാനാകില്ല എന്നായിരുന്നു ഇന്ന് ദില്ലി ഹൈക്കോടതിയിൽ സോളിസിറ്റർ ജനറൽ വാദിച്ചത്. മൂന്നാമതൊരാൾക്ക് വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്ന് പറഞ്ഞ സോളിസിറ്റർ ജനറൽ, അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ബാലിശമാണെന്നും കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ച എംഎ ബിരുദത്തിന്‍റെ വിവരങ്ങൾ കൈമാറണമെന്ന ഉത്തരവിനെതിരെ ഗുജറാത്ത് സ‍ർവകലാശാല സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. കേന്ദ്ര വിവരാവകാശ കമ്മീഷനാണ് അരവിന്ദ് കെജരിവാളിന്‍റെ അപേക്ഷയിൽ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത്. ജനപ്രതിനിധികളുടെ വിദ്യാഭ്യാസ വിവരങ്ങൾ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ തന്നെയാണെന്ന് എതിർ ഭാഗവും വാദിച്ചു. വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത് പ്രധാനമന്ത്രിയുടെ ഓഫീസിലെ വിവരാവകാശ ഓഫീസറോടാണെന്നും സർവകലാശാലയ്ക്ക് എതിർക്കാനാവില്ലെന്നും കെജരിവാളിന്‍റെ അഭിഭാഷക ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe