പ്രധാന വകുപ്പുകളിൽ അമിത് ഷാ, രാജ്‍നാഥ് സിങ് തുടരും: ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ് എന്നിവയിലെ സഹമന്ത്രിയായി ജോർജ് കുര്യൻ

news image
Jun 10, 2024, 3:48 pm GMT+0000 payyolionline.in

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ യോഗത്തിൽ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ആകെ 71 മന്ത്രിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 30 പേർ കാബിനറ്റ് മന്ത്രിമാരും 36 പേർ സഹമന്ത്രിമാരുമാകും. അഞ്ച് പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരാണ്.

കഴിഞ്ഞ തവണത്തേതുപോലെ ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയ്ശങ്കർ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും തുടരും. ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കും ധനകാര്യ മന്ത്രി നിർമല സീതാരാമനും മാറ്റമില്ല. അജയ് ടംത, ഹർഷ് മൽഹോത്ര എന്നിവരാണ് ഉപരിതല ഗതാഗത വകുപ്പിലെ സഹമന്ത്രിമാർ. പിയുഷ് ഗോയൽ വ്യവസായ വകുപ്പ് മന്ത്രിയാകും.

കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരിൽ ഒരാളായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് വകുപ്പുകൾ ലഭിച്ചു. ഈ വകുപ്പുകളിൽ സഹമന്ത്രിയാണ് സുരേഷ് ഗോപി. ഗജേന്ദ്രസിങ് ശെഖാവത്ത്, ഹർദീപ് സിങ് പുരി എന്നിവരാണ് ഈ വകുപ്പുകളിലെ കാബിനറ്റ് മന്ത്രിമാർ. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം എന്നിവയിലെ സഹമന്ത്രിയായി കേരളത്തിൽനിന്നുള്ള ജോർജ് കുര്യനെ തീരുമാനിച്ചു.

ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിയായി തുടരും. ഭൂപേന്ദ്ര യാദവ് വനം-പരിസ്ഥിതി കാലാവസ്ഥാ വകുപ്പിന്റെ ചുമതലയിലും തുടരും. കിരൺ റിജിജുവിനെ പാർലമെന്‍ററികാര്യ മന്ത്രിയാക്കും. നേരത്തെ ഈ വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന പ്രൾഹാദ്

ജോഷിക്ക് ഭക്ഷ്യവകുപ്പ്, ഉപഭോക്തൃകാര്യം, റിന്യൂവബിൾ എനർജി എന്നീ വകുപ്പുകൾ ലഭിക്കും. ജെ.ഡി.എസ് എം.പി എച്ച്.ഡി. കുമാരസ്വാമി ഘനവ്യവസായ മന്ത്രിയാകും.

വാർത്താവിതരണ പ്രക്ഷേപണ വകുപ്പിന്‍റെ ചുമതല അശ്വിനി വൈഷ്ണവിന് നൽകി. നേരത്തെ അനുരാഗ് താക്കൂറിനായിരുന്നു ഈ വകുപ്പിന്‍റെ ചുമതല. റെയിൽ വകുപ്പിന്‍റെ ചുമതലയും അശ്വിനി വൈഷ്ണവിനാണ്. ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറിന് ഊർജ വകുപ്പിന്‍റെ ചുമതല നൽകി. ഭവനനിർമാണം, നഗരകാര്യം എന്നീ വകുപ്പുകളുടെ ചുമതലയും ഖട്ടാറിനാണ്. ഊർജ വകുപ്പിന്‍റെ സഹമന്ത്രിയായി ശ്രീപ്രാദ് യെസ്സോ നായിക്, ഭവനനിർമാണ വകുപ്പിന്‍റെ സഹമന്ത്രിയായി തോഖാൻ സാഹു എന്നിവർക്കും ചുമതല നൽകി.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കാർഷിക വകുപ്പ് നൽകി. ഹിന്ദുസ്താനി അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചിക്കാണ് ചെറുകിട – ഇടത്തരം വ്യവസായ വകുപ്പിന്‍റെ ചുമതല. ടി.ഡി.പി എം.പി റാം മോഹൻ നായിഡുവിന് വ്യോമയാന മന്ത്രാലയത്തിന്‍റെ ചുമതല നൽകി. ഗുജറാത്തിൽനിന്നുള്ള ബി.ജെ.പി എം.പി സി.ആർ. പാട്ടിൽ ജൽശക്തി മന്ത്രിയാകും. ജെ.പി. നഡ്ഡ ആരോഗ്യമന്ത്രിയും ജ്യോതിരാദിത്യ സിന്ധ്യ ടെലകോം മന്ത്രിയുമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe