ഇന്നത്തെ കാലത്ത് മലയാളികളെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന ജീവിതശൈലി രോഗം ഏതെന്ന് ചോദിച്ചാൽ അത് പ്രമേഹം തന്നെയായിരിക്കും. ഒരുപാട് പേർ ഇത് ബാധിച്ചു ജീവിതം വളരെയധികം കഷ്‌ടതയിൽ ആവുന്നത് നാം കണ്ടിട്ടുണ്ട്. എങ്കിലും ചിലരൊന്നും പ്രമേഹം വന്ന ശേഷവും കാര്യമായി ശ്രദ്ധിക്കാറില്ല. അത്തരക്കാർ ഇനിയും വൈകിയാൽ പിന്നെ തിരിച്ചുവരവ് അസാധ്യമാവും. അതിനാൽ അവർ നിർബന്ധമായും ചില ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം.
മധുര പാനീയങ്ങൾ: സോഡ, എനർജി ഡ്രിങ്കുകൾ, മധുരമുള്ള ചായ, ചില പഴച്ചാറുകൾ എന്നിവയിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കും. ഈ പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാവുന്നു. ദ്രാവകരൂപത്തിലായതിനാൽ ശരീരം പഞ്ചസാരയെ അതിവേഗം ആഗിരണം ചെയ്യുന്നു. ഇതിന് പകരം വെള്ളം, മധുരമില്ലാത്ത ചായ, എന്നിവ കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്താവുന്നതാണ്. അത് പഞ്ചസാരയുടെ അളവ് സ്വാധീനിക്കുകയുമില്ല.
മധുരപലഹാരങ്ങൾ: മിഠായികൾ, ചോക്ലേറ്റുകൾ, പേസ്ട്രികൾ, മറ്റ് മധുരപലഹാരങ്ങൾ എന്നിവ പ്രമേഹമുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ഇവയിൽ ശുദ്ധീകരിച്ച പഞ്ചസാര ധാരാളമായി അടങ്ങിയിരിക്കുന്നു. പോഷകമൂല്യം തീരെ കുറവായതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുത്തനെ ഉയർത്താൻ ഇവയ്ക്ക് കഴിയും. മധുരത്തോട് ആസക്തി ഉള്ളവർ ഡോക്‌ടറുടെ നിർദ്ദേശ പ്രകാരം പഴങ്ങളോ മറ്റോ കഴിക്കുക. ഡീപ് ഫ്രൈ ചെയ്‌ത സ്‌നാക്കുകൾ: വറുത്ത സ്‌നാക്കുകൾ, പേസ്ട്രികൾ, ഫാസ്‌റ്റ് ഫുഡ് വിഭവങ്ങൾ എന്നിവയ്ക്ക് മധുരം ഇല്ലെങ്കിലും, അവയിൽ അടങ്ങിയിരിക്കുന്ന ശുദ്ധീകരിച്ച മൈദയും അനാരോഗ്യകരമായ കൊഴുപ്പുകളും കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. ഈ ഭക്ഷണങ്ങൾ ശരീരഭാരം കൂട്ടുകയും ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹമുള്ളവർ ഇതിൽ ശ്രദ്ധ പുലർത്തണം. ടിന്നിലടച്ച പഴങ്ങൾ: പലരും തെറ്റിദ്ധരിക്കുന്ന ഭക്ഷണമാണ് ഇവ. ആരോഗ്യകരമാണെന്ന് തോന്നാമെങ്കിലും, അവയിൽ പലപ്പോഴും സിറപ്പ് ചേർക്കാറുണ്ട്, ഇത് അധിക പഞ്ചസാരയ്ക്ക് കാരണമാകും. പഞ്ചസാര ചേർക്കാത്ത പുതിയതോ ശീതീകരിച്ചതോ ആയ പഴങ്ങളാണ് ഏറ്റവും ഉത്തമം. അവ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ നൽകുന്നു, കൂടാതെ അനാവശ്യമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
