പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത : ബിരിയാണിയില്‍ ഇനി ഇന്ത്യന്‍ ഉള്ളി തന്നെ ഇടാം, വില കുറയും; കേന്ദ്രം തീരുമാനിച്ചു

news image
Mar 24, 2025, 10:21 am GMT+0000 payyolionline.in

ഉള്ളി കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന 20% തീരുവ പിന്‍വലിച്ച് കേന്ദ്ര സർക്കാർ. 2025 ഏപ്രിൽ 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഉപഭോക്തൃ കാര്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. തീരുവ പിന്‍വലിക്കുന്നതോടെ യു എ ഇയ അടക്കമുള്ള ഗള്‍ഫ് വിപണികളിലും മറ്റ് രാഷ്ട്രങ്ങളിലും കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഇന്ത്യന്‍ ഉള്ളികള്‍ ലഭ്യമായി തുടങ്ങും.

ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്ന, തീരുവ, മിനിമം കയറ്റുമതി വില (MEP) എന്നിവ ഏർപ്പെടുത്തി കയറ്റുമതി നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിച്ചത്. 2023 ഡിസംബർ 8 മുതൽ 2024 മെയ് 3 വരെ ഏകദേശം അഞ്ച് മാസത്തേക്ക് കയറ്റുമതി നിരോധനവും ഏർപ്പെടുത്തുകയായിരുന്നു. ഇപ്പോൾ നീക്കം ചെയ്ത 20% കയറ്റുമതി തീരുവ 2024 സെപ്റ്റംബർ 13 മുതലാണ് പ്രാബല്യത്തില്‍ വന്നത്.

തീരുവ ഏർപ്പെടുത്തിയതോടെ വിദേശ വിപണികളില്‍ ഏറെ ഡിമാന്‍ഡ് ഉള്ള ഇന്ത്യ ഉള്ളിയുടെ വില കുത്തനെ വർധിച്ചു. പലയിടത്തും ഉള്ളി കിട്ടാനുമില്ലായിരുന്നു. ഇതേസമയം തന്നെ ഉള്ളി ഇറക്കുമതിയില്‍ മൊറോക്കെ ഇന്ത്യയെ മറികടക്കുകയും ചെയ്തു. 2024-ൽ, മൊറോക്കൻ കയറ്റുമതിക്കാർ 1.1 മില്യൺ ഡോളർ വിലമതിക്കുന്ന 5500 ടണ്ണിലധികം ഉള്ളിയാണ് യുഎഇയിലേക്ക് കയറ്റുമതി ചെയ്തത്. യുഎഇയിലേക്ക് ആദ്യമായി മൊറോക്കൻ ഉള്ളി കയറ്റുമതി ചെയ്യുന്നത് 2009-ലായിരുന്നു. 2013 ല്‍ കയറ്റുമതി ചെയ്ത 450 ടണ്‍ ആയിരുന്നു ഇതുവരേയുണ്ടായിരുന്നതിലെ ഏറ്റവും ഉയർന്ന അളവ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വരവ് കുറഞ്ഞ സാഹചര്യത്തില്‍ മൊറോക്കോ യു എ ഇയിലേക്കുള്ള കയറ്റുമതി വലിയ തോതില്‍ വർധിപ്പിക്കുകയായിരുന്നു.

അതേസമയം കയറ്റുമതി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യുടെ ആകെ ഉള്ളി കയറ്റുമതി 17.17 ലക്ഷം മെട്രിക് ടൺ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. 2024-25 സാമ്പത്തിക വർഷം (മാർച്ച് 18 വരെ) 11.65 ലക്ഷം മെട്രിക് ടൺ കയറ്റുമതി ചെയ്തു. പ്രതിമാസ ഉള്ളി കയറ്റുമതി 2024 സെപ്റ്റംബറിലെ 0.72 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2025 ജനുവരിയിൽ 1.85 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe