പ്രവാസികൾക്ക് ആശ്വാസം, അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമം; ‘സൗദിയ’ കോഴിക്കോട്ടേക്ക് മടങ്ങിയെത്തുന്നു

news image
Jan 10, 2026, 5:26 am GMT+0000 payyolionline.in

കോഴിക്കോട്: മലബാറിലെ പ്രവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിനും പോരാട്ടങ്ങൾക്കും ഒടുവിൽ സൗദി അറേബ്യയുടെ ഔദ്യോഗിക എയർലൈനായ ‘ സൗദിയ ’ കോഴിക്കോട് വിമാനത്താവളത്തിലേക്ക് വീണ്ടും ചിറകുവിടർത്തുന്നു. ഫെബ്രുവരി ഒന്നുമുതൽ റിയാദ് – കോഴിക്കോട് സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് എംകെ രാഘവൻ എംപി അറിയിച്ചു.

 

സർവീസ് വിവരങ്ങൾ

ആദ്യഘട്ടത്തിൽ ആഴ്ചയിൽ നാല് സർവീസുകളാണ് ഉണ്ടാവുക. യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ച് മാർച്ച് 15 മുതൽ ഇത് ആഴ്ചയിൽ ആറ് സർവീസുകളായി വർധിപ്പിക്കും. നാരോ ബോഡി എയർക്രാഫ്റ്റുകൾ (A320/A321) ഉപയോഗിച്ചാണ് നിലവിൽ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

പ്രതിസന്ധികളെ അതിജീവിച്ച മടക്കയാത്ര

2015ലും 2020ലും സാങ്കേതിക കാരണങ്ങളാൽ സർവീസ് നിർത്തേണ്ടി വന്നെങ്കിലും കോഴിക്കോടിനെ കൈവിടാൻ സൗദിയ തയ്യാറായിരുന്നില്ല. വലിയ വിമാനങ്ങൾ (Wide Body) ഇറക്കാൻ സൗദിയ പലതവണ താൽപര്യം പ്രകടിപ്പിച്ചെങ്കിലും വ്യോമയാന മന്ത്രാലയത്തിന്റെ കർശന നിലപാടുകൾ തടസ്സമായി. ഇതേത്തുടർന്നാണ് എംകെ രാഘവൻ എംപിയുടെ നേതൃത്വത്തിൽ നാരോ ബോഡി വിമാനങ്ങൾ ഉപയോഗിച്ചുള്ള സർവീസ് എന്ന നിർദേശം മുന്നോട്ടുവെച്ചത്.

 

2023 മുതൽ നടന്ന നിരന്തരമായ ചർച്ചകളുടെ ഫലമായാണ് ഇപ്പോൾ സർവീസിന് വഴിതെളിഞ്ഞത്. സൗദിയയുടെ അന്നത്തെ കൺട്രി ഹെഡ് എസ്സാം അൽ ഹബ്സി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി എംപി നടത്തിയ ചർച്ചകൾ നിർണായകമായി. ETOPS സെർട്ടിഫിക്കേഷൻ, സെക്യൂരിറ്റി ഹാൻഡ്‌ലിങ് കരാറുകൾ, വ്യോമയാന മന്ത്രാലയത്തിന്റെ വിവിധ അനുമതികൾ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതോടെയാണ് സർവീസ് യാഥാർഥ്യമാകുന്നത്.

 

കോഴിക്കോടിന് പുതിയ ഉണർവ്

സൗദിയയുടെ തിരിച്ചുവരവ് പ്രവാസികൾക്ക് യാത്ര എളുപ്പമാക്കുന്നതിലുപരി മലബാറിന്റെ സമഗ്ര വികസനത്തിന് കരുത്തേകും. മികച്ച ഹോസ്പിറ്റാലിറ്റിയും സേവനവും നൽകുന്ന സൗദിയയുടെ മടങ്ങിവരവ് കോഴിക്കോട് വിമാനത്താവളത്തിന്റെ ഭാവിക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe