പ്രവാസികൾക്ക് ആശ്വാസം: റിയാദ്-കോഴിക്കോട് സെക്ടറിൽ സൗദി എയർലൈൻസ് സർവിസുകൾ പുനരാരംഭിക്കുന്നു

news image
Jan 5, 2026, 5:09 am GMT+0000 payyolionline.in

ജിദ്ദ: മലബാറിലെ പ്രവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ്-കോഴിക്കോട് റൂട്ടിൽ സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസ് (സൗദിയ) സർവിസുകൾ പുനരാരംഭിക്കുന്നു. 2026 ഫെബ്രുവരി ഒന്ന് മുതലാണ് സർവിസുകൾ ആരംഭിക്കുന്നത്. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് വിമാനകമ്പനിയുടെ വെബ്‌സൈറ്റിലും ട്രാവൽ ഏജൻസികളിലും ഇതിനകം സജീവമായിക്കഴിഞ്ഞു.

കരിപ്പൂരിലെ റൺവേ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ, റിയാദ് റൂട്ടിൽ മുമ്പ് ഉപയോഗിച്ചിരുന്ന വലിയ വിമാനങ്ങൾക്ക് പകരം പുത്തൻ സാങ്കേതിക വിദ്യയിലുള്ള എയർബസ് A320 ശ്രേണിയിലുള്ള വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുക. ഇത് കരിപ്പൂരിലെ നിലവിലെ റൺവേ സാഹചര്യങ്ങൾക്ക് അനുയോജ്യമായ വിമാനമാണ്. 20 ബിസിനസ് ക്ലാസ് ടിക്കറ്റുകളും 168 എക്കോണമി ക്ലാസ് ടിക്കറ്റുക്കളുമാണ് വിമാനത്തിലുണ്ടാവുക. ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ ശനി, ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സർവിസുകൾ ഉണ്ടാവുക. റിയാദിൽനിന്ന് പുലർച്ചെ 1.20ന് പുറപ്പെടുന്ന വിമാനം രാവിലെ 8.35ന് കോഴിക്കോടെത്തും. തിരിച്ച് കോഴിക്കോട് നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ചക്ക് 12.50ഓടെ റിയാദിലെത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന മുറയ്ക്ക് സർവിസുകളുടെ എണ്ണം ആഴ്ചയിൽ ആറായി വർധിപ്പിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്. റിയാദ് വഴി കണക്ഷൻ വിമാനങ്ങളിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം എന്നത് സൗദിയിലെ മറ്റു നഗരങ്ങളിലുള്ള പ്രവാസികൾക്കും ഏറെ ആശ്വാസമാണ്. റിയാദ് സർവിസിന് പിന്നാലെ ജിദ്ദയിൽ നിന്നുള്ള സർവിസുകളും ഉടൻ പുനരാരംഭിക്കുമെന്നാണ് സൂചനകൾ. മലബാർ മേഖലയിലെ പ്രവാസികൾക്ക് ഇത് വലിയ ആവേശമാണ് നൽകുന്നത്. നിലവിൽ കണക്ഷൻ വിമാനങ്ങളെയും മറ്റ് വിമാനത്താവളങ്ങളെയും ആശ്രയിക്കുന്ന യാത്രക്കാർക്ക് ഈ തീരുമാനം വലിയ തോതിൽ സമയലാഭവും സാമ്പത്തിക ലാഭവും ഉണ്ടാക്കും.

കൂടാതെ, വരാനിരിക്കുന്ന ഹജ്ജ്-ഉംറ തീർഥാടകർക്കും ഈ റൂട്ടിലെ നേരിട്ടുള്ള വിമാന സർവിസുകൾ വലിയ അനുഗ്രഹമായി മാറും. 2020 ആഗസ്റ്റിലുണ്ടായ കരിപ്പൂർ വിമാനാപകടത്തെത്തുടർന്ന് വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണമാണ് സൗദിയ തങ്ങളുടെ സർവിസുകൾ നിർത്തിവെച്ചിരുന്നത്. നീണ്ട അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് കരിപ്പൂരിലേക്ക് സൗദി എയർലൈൻസ് വീണ്ടും പറന്നിറങ്ങുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe