മലപ്പുറം : മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവർത്തിക്കുക. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടും.
വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സർക്കാർ സ്കൂളുകളിലെ അധ്യാപകർ സ്വന്തം കുട്ടികളെ സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്കൂളുകളിലെ ബിപിഎൽ വിദ്യാർഥികൾക്കായി മാറ്റിവയ്ക്കണം.വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. പലസ്തീനിനോടുള്ള സമീപനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടും.
വന്യമൃഗശല്യത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തണം. മനുഷ്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. തൊഴിലില്ലായ്മ വേതനം 2000 ആക്കി ഉയർത്തണം. മതസ്ഥാപന നിയന്ത്രണം അതത് മതവിശ്വാസികൾക്ക് അനവദിക്കണം. സ്കൂൾ സമയം 8 മുതൽ 1 വരെ ആക്കണം. പൊലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. വയോജന ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കണം