പ്രവാസി ഐഡി കാര്‍ഡുകളുടെ ഇന്‍ഷുറന്‍സ് തുക ഉയർത്തി നോ‌ർക്ക; ഇനി മുതൽ 5 ലക്ഷം രൂപ

news image
Apr 28, 2025, 11:55 am GMT+0000 payyolionline.in

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ നാലു ലക്ഷം രൂപയായിരുന്നു അപകട മരണ ഇന്‍ഷുറന്‍സ് തുക. പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയെന്നത് മൂന്നു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു.

ഇനി മുതല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. മെഡിക്കല്‍ കോഴ്‌സുകളിലേക്ക് എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് അവരുടെ സ്‌പോണ്‍സറുടെ തിരിച്ചറിയല്‍ രേഖയായി നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് സമര്‍പ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.പ്രവാസി ഐഡി കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ്, പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നീ സേവനങ്ങളുടെ നിരക്കുകളും 2025 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന വിധം പുതുക്കി. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയുടെ പുതിയ നിരക്ക് ജിഎസ്ടി ഉള്‍പ്പെടെ 408 രൂപ വീതമാണ്(പഴയ നിരക്ക് 372 രൂപ വീതമായിരുന്നു). പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസിയുടെ പുതിയ നിരക്ക് ജിഎസ്ടി ഉള്‍പ്പെടെ 661 രൂപയാണ്(പഴയ നിരക്ക് 649 രൂപയായിരുന്നു). 2025 ഏപ്രില്‍ ഒന്നു മുതല്‍ ഐഡി കാര്‍ഡ്/ എന്‍പിആര്‍ഐ പോളിസി എടുക്കുന്ന പ്രവാസിക്ക് അപകടമരണം സംഭവിക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് 50,000 രൂപയും ഇന്ത്യയ്ക്ക് അകത്തുനിന്നാണെങ്കില്‍ 30,000 രൂപയും ധനസഹായം ലഭിക്കും.

കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതും പുതുക്കുന്നതും ഓണ്‍ലൈനായാണ്. ഇതിനായി sso.norkaroots.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പരുകള്‍: 9567555821, 0471-2770543.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe