തിരുവനന്തപുരം: സംസ്ഥാന പ്രവാസി ക്ഷേമനിധി ബോർഡിൽനിന്ന് പെൻഷനായി ഈ മാസംവരെ വിതരണം ചെയ്‌തത് 189.12 കോടി. വെള്ളിയാഴ്‌ച നോർക്ക സെന്ററിൽ ചേർന്ന ബോർഡിന്റെ ബജറ്റ് യോഗത്തിലാണ് വിവരങ്ങൾ അവതരിപ്പിച്ചത്. രാജ്യത്ത് പ്രവാസികൾക്ക് ക്ഷേമ പദ്ധതി നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. 2008ലാണ് എൽഡിഎഫ് സർക്കാർ പ്രവാസി ക്ഷേമ നിയമം അംഗികരിച്ചത്. 500 രൂപയായിരുന്ന പ്രവാസി പെൻഷൻ 3000–-3500 നിരക്കിലാണ് വർധിപ്പിച്ചത്.
എട്ടു ലക്ഷത്തോളം അംഗങ്ങളാണ് ക്ഷേമനിധി ബോർഡിലുള്ളത്. 43,000 പേർ പ്രതിമാസം പെൻഷൻ കൈപ്പറ്റുന്നു. കേന്ദ്ര സർക്കാരിന്റെ ഒരു രൂപ സഹായമില്ലാതെയാണ് സംസ്ഥാനം പെൻഷൻ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. പെൻഷൻ കൂടാതെ ക്ഷേമനിധി ബോർഡിൽനിന്ന് നിരവധി ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ചികിത്സാ സഹായമായി 1.42 കോടി രൂപയും മരണാനന്തര ധനസഹായമായി 1.58 കോടിയും വിവാഹ ധനസഹായമായി 87.5 ലക്ഷം രൂപയും വിദ്യാഭ്യാസ ധനസഹായമായി അഞ്ചു ലക്ഷത്തോളം രൂപയും വിതരണം ചെയ്‌തു.
മലയാളി പ്രവാസികൾ രാജ്യത്തേക്ക് അയക്കുന്ന പണത്തിന് ആനുപാതികമായി കേന്ദ്ര ഫണ്ട് ലഭിച്ചാൽ കൂടുതൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാനാകുമെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബദുൾ ഖാദർ പറഞ്ഞു.