പ്രസവം സർക്കാർ ആശുപത്രികളിലാക്കുന്നതിനു പ്രോത്സാഹന പദ്ധതിയുമായി ആരോഗ്യ വകുപ്പ്. സർക്കാർ ആശുപത്രികളിലെ പ്രസവത്തിനു ലഭിക്കുന്ന ആനുകൂല്യങ്ങൾക്കു പരമാവധി പ്രചാരണം നൽകും. മാതൃ–നവജാത ശിശുമരണ നിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജനനി സുരക്ഷാ യോജന പദ്ധതി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുണ്ട്. സർക്കാർ ആശുപത്രികളിലാണു പ്രസവമെങ്കിൽ ഗ്രാമ പ്രദേശത്തുള്ളവർക്ക് 700 രൂപയും നഗരവാസികൾക്ക് 600 രൂപയും ഈ പദ്ധതി പ്രകാരം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.
സർക്കാർ ആശുപത്രികളിലും പൊതു ആരോഗ്യ കേന്ദ്രങ്ങളിലും പ്രസവിക്കുന്ന സ്ത്രീകൾക്കും അവരുടെ നവജാത ശിശുക്കൾക്കും സൗജന്യ ചികിത്സ, പരിശോധന, ഭക്ഷണം എന്നിവ നൽകുന്ന ജനനി ശിശു സുരക്ഷാ കാര്യക്രമം പദ്ധതി സംസ്ഥാനത്തെ ആശുപത്രികളിൽ നടപ്പിലാക്കിയിട്ടുണ്ട്.