ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 15 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഡൽഹി വനിത കമ്മീഷൻ പൊലീസിന് നോട്ടീസ് അയച്ചു. സംഭവത്തിൽ സ്വീകരിച്ച റിപ്പോർട്ട് ആവശ്യപ്പെട്ട് ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആണ് ന്യൂഡൽഹി പോലീസിന് നോട്ടീസ് അയച്ചത്. അംബേദ്കർ നഗറിലെ മദൻഗിറിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പെൺകുട്ടിയെ മാർച്ച് 23 ന് രാത്രിയിൽ കാണാതായിരുന്നു. ഡൽഹി പോലീസിൽ പരാതി നൽകിയപ്പോൾ രാവിലെ വരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. രാവിലെ പെൺകുട്ടി തിരിച്ചെത്തി, താൻ ടെറസിൽ ഉറങ്ങുകയായിരുന്നുവെന്ന് അറിയിച്ചു. സംഭവത്തിന് ശേഷം പെൺകുട്ടിയുടെ സ്വഭാവം മാറിയെന്നും അവൾ നിശബ്ദയായതായും പിതാവ് പറഞ്ഞതായി വനിത കമീഷൻ പറഞ്ഞു.
കേസിൽ അറസ്റ്റിലായ പ്രതികളുടെ വിശദാംശങ്ങളും പെൺകുട്ടിയുടെ പിതാവ് പറഞ്ഞതുപോലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണവും കമ്മീഷൻ ആരാഞ്ഞിട്ടുണ്ട്. മാർച്ച് 23ന് രാത്രിയിൽ അവരുടെ അയൽവാസിയായ ആൺകുട്ടി തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി മൊഴിനൽകിയിട്ടുണ്ട്.സംഭവം ആരോടും പറയരുതെന്നും അല്ലെങ്കിൽ തന്റെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറയുന്നു. 2018 ഒക്ടോബർ മുതൽ 2019 ജനുവരി വരെ സംഗം വിഹാറിലെ തന്റെ വീടിന്റെ കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റൊരാൾ മകളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിക്കാരൻ ആരോപിച്ചു.
സംഭവത്തിൽ അംബേദ്കർ നഗർ പോലീസ് സ്റ്റേഷനിൽ സെക്ഷൻ 376 ഐ.പി.സി, പോക്‌സോ എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, എഫ്.ഐ.ആറിൽ ഒരു പ്രതിയെ മാത്രമേ പരാമർശിക്കുന്നുള്ളൂ, മറ്റുള്ളവരെ പരാമർശിക്കുന്നില്ല. ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളും അംഗം വന്ദന സിംഗും ചൊവ്വാഴ്ച ആശുപത്രിയിലെത്തി പെൺകുട്ടിയുമായും കുടുംബവുമായും ആശയവിനിമയം നടത്തിയിരുന്നു. അതിജീവിതയുടെ മൊഴി രേഖപ്പെടുത്താൻ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.