കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി ഗർഭിണിയാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് പാലാഴി സ്വദേശി മതിരേറ്റ് മീത്തൽ വീട്ടിൽ എ.കെ. ലിഗേഷ് (25) ആണ് മാവൂർ പോലീസിന്റെ പിടിയിലായത്.
2025 ഒക്ടോബറിൽ പെരുവയലിലുള്ള ഫ്ലാറ്റിൽ വെച്ചാണ് പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
പന്തീരാങ്കാവ് കൈമ്പാലത്തുനിന്നാണ് മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, ലെനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ദീപക്, റൂബി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
