തൃശൂർ> സംസ്ഥാനത്ത് കോളേജ് പ്രിൻസിപ്പൽ നിയമനങ്ങൾ യുജിസി ചട്ടം പാലിച്ചുനടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. നിയമനം സംബന്ധിച്ചുള്ള പരാതികൾ സ്വീകരിക്കാൻ മന്ത്രിമാർക്ക് അവകാശമുണ്ടെന്നും സർക്കാരിന് സങ്കുചിത താൽപര്യങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രിൻസിപ്പൽ നിയമന ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ പരാതി തന്നിട്ടുണ്ട്. സീനിയോരിറ്റി ലംഘിച്ച് നിയമനം നടത്താനാവില്ല. ലിസ്റ്റ് സംബന്ധിച്ച് നിലവിലുള്ള പരാതികൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
നിയമനകാര്യത്തിൽ സർക്കാർ ചട്ടങ്ങൾ ലംഘിച്ചിട്ടില്ല. 43 പേരുടെ ലിസ്റ്റ് റദ്ദാക്കാനൊന്നും ഉത്തരവ് നൽകിയിട്ടില്ല. 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. എന്നാൽ സെലക്ഷൻ കമ്മിറ്റിയുടെ വിശകലനത്തിൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കി. അതിലുയർന്ന പരാതികൾ പരിഹരിക്കാനാണ് ശ്രമിച്ചത്. ലിസ്റ്റിൽനിന്ന് പുറത്തായവർ നൽകിയ പരാതികൾ പരിശോധിക്കാനും നീതി നടപ്പാക്കാനുമാണ് ശ്രമിക്കുന്നതെന്നും അന്യായമായി ഇടപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.