തിരുവനന്തപുരം: പ്ലസ് ടു പരീക്ഷകളിലെ ചോദ്യപേപ്പറിൽ അക്ഷരതെറ്റുകൾ ഉണ്ടായ സംഭവം ഗൗരവതരമെന്നും, ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയോട് അവമതിപ്പുണ്ടാക്കാൻ ഇടവരുത്തുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ. പൊതു വിദ്യാഭ്യാസ മേഖലക്ക് നാണക്കേടുണ്ടാക്കുന്ന ഇത്തരം സംഭവത്തിൽ ഉത്തരവാദികളായ അധികാരികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ ചൂണ്ടി കാട്ടി പൊതു വിദ്യാഭാസ മന്ത്രിക്ക് കത്ത് നൽകിയതായും അലോഷ്യസ് സേവ്യർ അറിയിച്ചു. മാതൃഭാഷയായ മലയാളം പരീക്ഷയിൽ സർവത്ര അക്ഷരതെറ്റുകളാണുളളത്. ഒ.എൻ.വി കുറുപ്പിൻറെ കവിതയിൽ ഉൾപ്പടെ തെറ്റുകളുണ്ട്. മലയാളം പരീക്ഷയിൽ ഇരുപതിലധികവും ബയോളജി, കെമസ്ട്രി ,ഇക്കണോമിക്സ് പരീക്ഷകളുടെ ചോദ്യപേപ്പറിലും അക്ഷര തെറ്റുകളുടെ ഘോഷയാത്രയാണ്.
കേരളത്തിലെ പൊതുപരീക്ഷകളുടെ നടത്തിപ്പിലെ നിലവാര തകർച്ചയാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. തെറ്റുകൾ ഇല്ലാത്ത ചോദ്യപേപ്പറുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കേണ്ടത് പൊതു വിദ്യാഭ്യാസ വകുപ്പിൻറെ ഉത്തര വാദിത്തമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.