തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നോടിയായി വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തല്‍ വരുത്താൻ ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി വരെ സമയം. 24ന് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. ജൂണ്‍ രണ്ടിന് പ്രവേശനം സാധ്യമാകുംവിധം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും.
18ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. വിലാസം, ജാതി, ബോണസ് പോയന്റിന് അര്‍ഹമാകുന്ന മറ്റു വിവരങ്ങള്‍ തുടങ്ങിയവയില്‍ പിശകുണ്ടെങ്കില്‍ തിരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷയില്‍ അവകാശപ്പെടുന്ന യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പ്രവേശന സമയത്ത് ഹാജരാക്കണം. ഇതിന് കഴിയില്ലെങ്കില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ തിരുത്തേണ്ടതാണ്.
സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് വ്യാഴാഴ്ച വരെ അപേക്ഷിക്കാം. ജൂണ്‍ മൂന്നിനാണ് ആദ്യ അലോട്ട്മെന്റ്. എയ്ഡഡ് സ്കൂളുകളില്‍ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ജൂണ്‍ 10 മുതൽ പ്രവേശനം നൽകും.