പ്ലസ് വൺ പ്രതിസന്ധി; ആശങ്കകൾ പരി​ഹരിക്കപ്പെടുന്നത് വരെ ലീഗ് സമരം തുടരും

news image
Jul 26, 2023, 11:51 am GMT+0000 payyolionline.in

തിരുവനന്തപുരം: പ്ലസ് വണ്ണിന് താത്കാലിക അധികബാച്ച് അനുവദിച്ചതു കൊണ്ടു കാര്യമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ശാശ്വത പരിഹാരമാണ് ഈ വിഷയത്തില്‍ വേണ്ടത്. 97 അധിക ബാച്ചുകള്‍ അനുവദിച്ചാലും ഇരുപതിനായിരം പേര്‍ പുറത്ത് നില്‍ക്കേണ്ടി വരും. രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നത് വരെ ലീഗ് സമരം തുടരുമെന്നും  സലാം പറഞ്ഞു.

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ വേണ്ടിയാണ്  തീരുമാനം.  വടക്കന്‍ ജില്ലകളില്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ  ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്.

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താല്‍ക്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4, കണ്ണൂർ 10, കാസർകോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.

അതേസമയം, വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശ്നം ഉണ്ടെങ്കിൽ അത് സർക്കാർ പരിഹരിക്കും. മലപ്പുറത്ത് അൺ എയ്ഡഡ് സ്കൂൾ ഏറ്റവും അധികം അനുവദിച്ചത് യുഡിഎഫാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe