പ്ലസ് വൺ പ്രവേശനം: അപേക്ഷകൾ ഓൺലൈനായി മേയ് 14 മുതൽ

news image
May 6, 2025, 9:45 am GMT+0000 payyolionline.in

തിരുവനന്തപുരം: 2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാമന്ന് മന്ത്രി വി.ശിവൻകുട്ടി. അപേക്ഷകർക്ക് സ്വന്തമായോ,അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കും.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്‌മെന്റ് – മേയ് 24, ആദ്യ അലോട്ട്‌മെന്റ് – ജൂൺ രണ്ട്, രണ്ടാം അലോട്ട്‌മെന്റ് – ജൂൺ 10, മൂന്നാം അലോട്ട്‌മെന്റ് – ജൂൺ 16 എന്നിങ്ങനെയാണ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

മുൻ വർഷം ക്ലാസുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. ഈ സ്‌കൂളുകളിലേക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കും.

ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്‌പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe