പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ നാളെ മുതൽ

news image
Jul 8, 2025, 5:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ നാളെ മുതൽ സമർപ്പിക്കാം. വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റിന്  ജൂലൈ 9ന് രാവിലെ 10 മുതൽ അപേക്ഷിക്കാവുന്നതാണ്. രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും നാളെ 9 മണിയ്ക്ക് മുൻപായി അഡ്‌മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in -ൽ പ്രസിദ്ധീകരിക്കും.

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ അർഹതയില്ല.

സപ്ലിമെന്ററി ഘട്ടത്തിലും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ശേഷം ട്രാൻസ്ഫർ അലോട്ട്മെന്റും സ്പോട്ട് അഡ്മിഷനും നടക്കും.

മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്മെന്റിനോടൊപ്പം മോഡൽ റസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെൻററി അലോട്ട്മെന്റിനുള്ള അപേക്ഷയും ക്ഷണിക്കുന്നതാണ്. സപ്ലിമെൻററി അലോട്ട്മെൻറുകളെ സംബന്ധിച്ചുള്ള വിശദ നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.

അപേക്ഷകർക്ക് സപ്ലിമെൻററി അലോട്ട്മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂൾ ഹെൽപ്ഡെസ്‌കുകളിലൂടെ നൽകാൻ വേണ്ട സ‌ജ്ജീകരണങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽമാർ ക്രമീകരിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe