കായംകുളം ചാരുമൂട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട ഭിക്ഷക്കാരന്റെ കൈവശം നാലര ലക്ഷം രൂപ കണ്ടെത്തി. ഇയാളുടെ സഞ്ചിയിൽ നിന്നാണ് ഇത്രയും തുക പൊലീസ് കണ്ടെടുത്തത്.
ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തി വന്നയാളെ ഇന്ന് രാവിലെയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇയാളെ അജ്ഞാതമായ വാഹനം ഇടിച്ചു തെറിപ്പിച്ചിരുന്നു. പരുക്കറ്റ ഇയാളെ നാട്ടുകാർ ചേർന്ന് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരുക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാൽ രാത്രിയോടെ ഇയാള്‍ ആരോടും പറയാതെ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയി.
പിന്നീടാണ് അടുത്ത ദിവസം പുലർച്ചയോടെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നൂറനാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റ്. ഇയാളുടെ സമീപത്തുണ്ടായിരുന്ന സഞ്ചികള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഈ സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്‌സുകളും ലഭിച്ചത്. 5 പ്ലാസ്റ്റിക് ടിന്നുകളിലായി അടുക്കി ടേപ്പ് ഒട്ടിച്ച് ഭദ്രമാക്കിയ നിലയിലായിരുന്നു പണം. ആകെ 4,52,207 രൂപയാണ് ലഭിച്ചത്. രണ്ടായിരത്തിന്റെ 12 നോട്ടുകളും ഒപ്പം സൗദി റിയാലും ഉണ്ടായിരുന്നു.
മരിച്ചയാളുടെ പേരുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇയാളെ അന്വേഷിച്ച് ബന്ധുക്കളാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണം കോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട് എസ്എച്ച്ഒ അറിയിച്ചു.
