ദില്ലി: പൗരത്വനിയമ ഭേദഗതി രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പല കോണുകളില്‍ നിന്നായി ഉയരുന്നത്. 2018ലെ സിഎഎ (പൗരത്വം നിയമ ഭേദഗതി) പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി പടര്‍ന്നുപിടിക്കുകയും കേന്ദ്ര സര്‍ക്കാരിന് വലിയ വെല്ലുവിളിയാവുകയും ചെയ്ത സാഹചര്യത്തില്‍ ഇപ്പോഴും ഏറെ കരുതലോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്കെത്താമെന്നതിനാല്‍ വടക്കുകിഴക്കൻ ദില്ലി അടക്കം മൂന്ന് ജില്ലകളില്‍ പൊലീസ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍. ഇവിടെ പൊലീസ് ഫ്ളാഗ് മാര്‍ച്ചടക്കം നടത്തും.
സമൂഹമാധ്യമങ്ങളിലും നിരീക്ഷണം നടത്താൻ തീരുമാനമായിട്ടുണ്ട്. 2018ലും സിഎഎ പ്രതിഷേധത്തില്‍ സമൂഹ മാധ്യമങ്ങള്‍ നല്ലരീതിയില്‍ ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങള്‍ വഴി നടത്തുമ്പോള്‍ അതിന്‍റെ പേരില്‍ നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാരിപ്പോള്‍ എന്നതാണ് ലഭ്യമാകുന്ന സൂചന.
അല്‍പം മുമ്പാണ് പൗരത്വ നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത്. ഇതിന് പിന്നാലെ തന്നെ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുമായി നേതാക്കളും രാഷ്ട്രീയസംഘടനകളും രംഗത്തെത്തി. കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മതവികാരം ഉയര്‍ത്താനുള്ള നീക്കമാണിത്, ബിജെപിയെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നാണ് സ്റ്റാലിൻ പറഞ്ഞത്.
കോൺഗ്രസ്, മുസ്ലീം ലീഗ്, സിപിഎം, തൃണമൂല്‍ കോൺഗ്രസ് എന്നിങ്ങനെ വിവിധ രാഷ്ട്രീയസംഘടനകളുടെ നേതാക്കളെല്ലാം സിഎഎക്കെതിരെ ഇതിനോടകം തന്നെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.