കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം രായമംഗലത്തെ ഹോട്ടലിൽ അതിക്രമിച്ചു കയറിയെന്ന കേസിലാണ് നടപടി. നടിയെ ആക്രമിച്ച കേസിൽ നിലവിൽ ജാമ്യത്തിലാണ് പൾസർ സുനി. കർശന വ്യവസ്ഥകളോടെയാണ് അന്ന് സുനിക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.
പൾസർ സുനി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ഭക്ഷണം വൈകിയതിന് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർക്കുകയും ചെയ്തുവെന്ന് എഫ്.ഐ.ആറിലുണ്ട്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യവ്യവസ്ഥകളോടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസിൽ പ്രതിയാകുന്നത്.
സുഹൃത്തിനൊപ്പമാണ് പൾസർ സുനി ഭക്ഷണശാലയിലെത്തിയത്. വീണ്ടും ഓർഡർ ചെയ്ത ഭക്ഷണം എത്താൻ വൈകിയതോടെ സുനി ഹോട്ടൽ ജീവനക്കാരെ അസഭ്യം പറയുകയും അടുത്തുണ്ടായിരുന്ന ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു. ഹോട്ടലുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തോപ്പുംപടി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.