ഫാഷൻ ​ഗോൾഡ് തട്ടിപ്പ് കേസ്: സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്‍റേതല്ല, തനിക്കെതിരെ ഗൂഢാലോചന നടന്നു: അഡ്വ ഷുക്കൂർ

news image
Jul 27, 2023, 2:21 am GMT+0000 payyolionline.in

കാസർകോഡ്: ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട സത്യവാങ്ങ് മൂലത്തിലെ ഒപ്പ് തന്‍റേതല്ലെന്ന് നടനും അഭിഭാഷകനുമായ ഷുക്കൂര്‍. കേസില്‍ തട്ടിപ്പിന് ഇരയായവർക്കൊപ്പം നിന്ന തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും അഡ്വ. ഷുക്കൂര്‍ ആരോപിക്കുന്നു. ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് വ്യാജ സത്യവാങ്ങ് മൂലം സമര്‍പ്പിച്ചതിന് കേസെടുത്തിരുന്നു.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയായ കളനാട് കട്ടക്കാല്‍ സ്വദേശി എസ്.കെ മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയിലാണ് അഡ്വ. ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തത്. സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍, മകന് ഹിഷാം, സെക്രട്ടറി സന്ദീപ് സതീഷ് എന്നിവരാണ് മറ്റ് പ്രതികള്‍. മുഹമ്മദ് കുഞ്ഞിയെ കമ്പനി ഡയറക്ടര്‍ ബോര്ഡില്‍ അംഗമാക്കാന്‍ 2013 ല്‍ വ്യാജ സത്യവാങ്ങ് മൂലം സമർപ്പിച്ചു എന്നാണ് പരാതി. അന്നത്തെ നോട്ടറി അഭിഭാഷകനായിരുന്ന ഷുക്കൂറാണ് സത്യവാങ്ങ് മൂലത്തില്‍ ഒപ്പിട്ടതെന്നും പരാതിയിലുണ്ട്.

എന്നാല്‍ പുറത്ത് വന്ന രേഖകള്‍ താന്‍ സാക്ഷ്യപ്പെടുത്തിയതല്ലെന്നാണ് അഡ്വ. ഷുക്കൂര്‍ വിശദീകരിക്കുന്നത്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിലെ ഇരകള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്ക് വേണ്ടി പോരാടുകയും ചെയ്ത തന്നെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അഡ്വ. ഷുക്കൂര്‍ ആരോപിക്കുന്നു. മേല്‍പ്പറമ്പ് പൊലീസിന്‍റെ അന്വേഷണം പൂര്‍ത്തിയായാല്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe