സ്വകാര്യ കാര്‍, ജീപ്പ്, വാന്‍ ഇവയൊക്ക ഉപയോഗിച്ച് ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ഉറപ്പായും ഫാസ്ടാഗ് വാര്‍ഷിക പാസ് എടുത്തോളൂ. അത് പ്രയോജനം ചെയ്യുമെന്നതില്‍ സംശയമില്ല. ഓഗസ്റ്റ് 15 മുതലാണ് ഈ പദ്ധതി നിലവില്‍ വരുന്നത്. 3,000 രൂപയ്ക്ക് 200 തവണ, ഒരു യാത്രയ്ക്ക് 15 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
വാണിജ്യേതര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വാര്‍ഷിക പാസ് ലഭിക്കുന്നത്. ബസുകള്‍, ട്രക്കുകള്‍, ടെമ്പോകള്‍ എന്നിവയ്‌ക്കൊന്നും പാസ് ലഭ്യമല്ല. കാര്യം ഇങ്ങനെയാണെങ്കിലും വാര്‍ഷിക ഫാസ്ടാഗ് എടുക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ദേശീയപാതകളിലും അതിവേഗ എക്‌സ്പ്രസ് വേകളിലും വാര്‍ഷിക ഫാസ്ടാഗ് ഉപയോഗിക്കാന്‍ സാധിക്കുമെങ്കിലും സംസ്ഥാന പാതകളിലും സംസ്ഥാനങ്ങള്‍ നിയന്ത്രിക്കുന്ന എക്‌സ്പ്രസ് വേകളിലും ഇത് പ്രവര്‍ത്തിക്കില്ല. ഇവിടങ്ങളിലൊക്കെ പണം കൊടുത്ത് തന്നെ യാത്രചെയ്യേണ്ടിവരും.
സ്മാര്‍ട്ട്‌ഫോണ്‍ വഴിയോ രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ദേശീയ പാത അതോറിറ്റി (എന്‍എച്ച്എഐ) വൈബ്‌സൈറ്റ് വഴിയോ ഇത് ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. വാഹനത്തിന്റെ വിശദാംശങ്ങള്‍ നല്‍കി വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പണം അടച്ചുകഴിഞ്ഞാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ സേവനം ലഭ്യമായി തുടങ്ങും.
200 യാത്ര പൂര്‍ത്തിയാവുകയോ കാലാവധി കഴിയുകയോ ചെയ്താല്‍ ഇത് സാധാരണ ഫാസ്ടാഗായി മാറും. സേവനം വീണ്ടും ആവശ്യമുള്ളവര്‍ക്ക് വീണ്ടും ആക്ടിവേറ്റ് ചെയ്യേണ്ടിവരും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുളള ഫാസ്ടാഗില്‍ മാത്രമായിരിക്കും വാര്‍ഷിക ഫാസ്ടാഗ് ലഭിക്കുക.