‘ഫാ. പോളച്ചൻ, മൂന്നാറിൽ എസ്റ്റേറ്റിൽ ഷെയർ’; വൈദികൻ ചമഞ്ഞെത്തി, 34 ലക്ഷം വ്യവസായിയെ പറ്റിച്ച് തട്ടി യുവാവ്

news image
May 26, 2023, 2:51 pm GMT+0000 payyolionline.in

മൂന്നാർ: വൈദികൻ ചമഞ്ഞ് ഹോട്ടൽ വ്യവസായിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തൊടുപുഴ ആരക്കുഴ ലക്ഷ്മി ഭവനിൽ അനിൽ വി. കൈമൾ (38) ആണ് വെള്ളത്തൂവൽ പൊലീസിന്‍റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ വ്യവസായി ബോസ് ആണ് തട്ടിപ്പിന് ഇരായത്. 34 ലക്ഷം രൂപയാണ് കൈമൾ ഹോട്ടൽ വ്യവസായിയിൽ നിന്നും തട്ടിയെടുത്തത്. ചിത്തിരപുരം സ്വദേശി ഫാ. പോൾ (പോളച്ചൻ) എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

മൂന്നാറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരു മാസത്തിലേറെക്കാലം അനിൽ വി കൈമൾ വൈദികനായി ചമഞ്ഞ് വ്യവസായിയുമായി ബന്ധപ്പെട്ടുവരികയായിരുന്നു. കഴിഞ്ഞ 16 ന് മൂന്നാറിൽ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും നല്ല ലാഭം കിട്ടുന്ന ഭൂമിയാണെന്നും ധരിപ്പിച്ച് ഇയാൾ വ്യവസായിയെ ഫോണിൽ ബന്ധപ്പെട്ടു. ഭൂമി വാങ്ങുന്നതിന് 35 ലക്ഷം രൂപയുമായി 19 ന് ചിത്തിരപുരത്ത് എത്തണമെന്നും ആവശ്യപ്പെട്ടു. വൈകിട്ട് 4 മണിയോടെ പണവുമായി വ്യവസായി ചിത്തിരപുരത്തിന് സമീപം എത്തി. ഇതോടെ കൂടെ മറ്റാരും വേണ്ടെന്നും തന്റെ കപ്യാർ വന്നു കാണുമെന്നും പണം കാണിച്ചു കൊടുത്താൽ മതിയെന്നും ഇയാൾ വ്യവസായിയെ ധരിപ്പിച്ചു.

തുടർന്ന് കപ്യാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ വ്യാപാരിയെ കാണുകയും കാറിൽ നിന്ന് ഇറങ്ങി ബാഗ് തുറന്ന് പണം കണിച്ചു നൽകുന്നതിനിടെ ഇദ്ദേഹത്തെ തള്ളിയിട്ട ശേഷം പണവുമായി മുങ്ങുകയായിരുന്നു. തുടർന്ന് തന്നെ ബന്ധപ്പെട്ട പള്ളീലച്ചന്‍റെ ഫോമിലേക്ക് വ്യവസായി വിളിച്ചു. പണം ലഭിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാൽ പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. താൻ കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായതോടെ വ്യാപാരി വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതോടെ ജില്ല പൊലീസ് മേധാവി വി.യു കുര്യാക്കോസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മൈസൂരിന് സമീപം നഞ്ചൻകോടു നിന്ന് ബുധനാഴ്ച അനിൽ വി കൈമളിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ആറര ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. തട്ടിപ്പ് കേസിലെ മറ്റ് പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് ഇടുക്കി ഡിവൈഎസ്പി ബിനു ശ്രീധർ പറഞ്ഞു. വെള്ളത്തൂവൽ എസ്എച്ച്ഒ ആർ. കുമാർ. എസ്ഐ മാരായ സജി എൻ. പോൾ, സി.ആർ സന്തോഷ്, ടി.ടി ബിജു, എസ് സി പി ഒ മാരായ ശ്രീജിത് ജോസ്, എം.നിഷാദ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe