കോഴിക്കോട്: ഫെബ്രുവരിയിൽ നടത്താനിരുന്ന എട്ട്, ഒൻപത് ക്ലാസിലെ ചില പരീക്ഷകൾ മാർച്ചിലേക്ക്മാറ്റി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിറങ്ങി. അക്കാദമിക കലണ്ടറിനെ നോക്കുകുത്തിയാക്കി, ക്ലാസുകൾ പൂർത്തിയാക്കും മുൻപേ പരീക്ഷനടത്തുന്നതിൽ പരാതിയുയർന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാർച്ചിലേക്ക് മാറ്റിയത്. ക്ളാസ് തീരുംമുൻപ് പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വാർത്തനൽകിയിരുന്നു.
ഫെബ്രുവരി 25-ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന ഒൻപതിലെ ബയോളജി പരീക്ഷ മാർച്ച് 15-ന് രാവിലെ നടത്തും. 27-ന് ഉച്ചയ്ക്ക് നടത്താനിരുന്ന സാമൂഹ്യശാസ്ത്രം മാർച്ച് 18-ന് രാവിലെയാക്കി.
ഫെബ്രുവരി 25-ന് രാവിലെ നടത്താനിരുന്ന എട്ടിലെ ഹിന്ദിയും ഒൻപതിലെ ഒന്നാംഭാഷാ പേപ്പർ-2 പരീക്ഷയും മാർച്ച് 11-ലേക്ക് മാറ്റി. ഇതേദിവസം നടത്താനിരുന്ന എട്ടിലെ ഒന്നാംഭാഷാ പേപ്പർ-2 പരീക്ഷ മാർച്ച് 25-ലേക്ക് മാറ്റി. ഫെബ്രുവരി 27-ന് നടത്താനിരുന്ന എട്ടിലെ കലാ-കായിക പ്രവൃത്തിപരിചയം പരീക്ഷ മാർച്ച് 27-ന് രാവിലെയുമാക്കി മാറ്റിക്രമീകരിച്ചു.
പ്രായോഗികത പരിഗണിച്ച് പുനഃക്രമീകരിക്കുന്നെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിലുള്ളത്. പരിഷ്കരിച്ച പാഠപുസ്തകം പ്രകാരം അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനംപോലും ഇത്തവണ നൽകിയിരുന്നില്ല. അതിനിടെയാണ് പാഠം തീരുംമുൻപേ പരീക്ഷ നടത്താനുള്ള ഉത്തരവ് വന്നത്.